Latest NewsKeralaIndia

പ്രളയ ബാധിതര്‍ക്കല്ലാതെ പുനരധിവാസത്തിന് സഹായം നല്‍കിയോ? ഹൈക്കോടതി സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടി

സംഭവത്തില്‍ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ അടിയന്തര സഹായം പോലും നല്‍കാത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം പ്രളയബാധിതര്‍ക്കൊഴികെ മറ്റുള്ളവര്‍ക്ക് പുനരധിവാസത്തിന് ഫണ്ടു നല്‍കിയിട്ടുണ്ടോയെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി. ബേപ്പൂര്‍ തീരത്തിനടുത്തു 2017 നവംബര്‍ 11നു അജ്ഞാത കപ്പലിടിച്ച്‌ ഇമ്മാനുവല്‍ എന്ന ബോട്ടു തകര്‍ന്ന് നാലു പേര്‍ മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.സംഭവത്തില്‍ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ അടിയന്തര സഹായം പോലും നല്‍കാത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.

അപകടമുണ്ടാക്കിയ കപ്പല്‍ കണ്ടെത്താനും മതിയായ നഷ്ടപരിഹാരം ലഭിക്കാനും ഇവരുടെ ബന്ധുക്കളായ തിരുനെല്‍വേലി കൂടംകുളംസ്വദേശി കാര്‍ത്തിക് ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇത്തരം അപകടങ്ങളില്‍ വിധവകളായവര്‍ക്ക് സംരക്ഷണവും ഉപജീവനത്തിനു പിന്തുണയും നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് സിംഗിള്‍ബെഞ്ച് ചൂണ്ടിക്കാട്ടി. ‘ദുരന്തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി ഏതെങ്കിലും ഫണ്ട് ഉണ്ടോ? ദുരന്തങ്ങള്‍ക്ക് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരത്തിന് വ്യവസ്ഥകളുണ്ടോ? 2018 ജനുവരി ഒന്നു മുതല്‍ പ്രളയ ദുരിത ബാധിതര്‍ക്കല്ലാതെ മറ്റേതെങ്കിലും വ്യക്തിക്ക് പുനരധിവാസ ഫണ്ട് നല്‍കിയിട്ടുണ്ടോ?’

‘ഇക്കാലയളവില്‍ ദുരന്തത്തിനോ കുറ്റകൃത്യത്തിനോ ഇരയായവരുടെ വിധവകള്‍ക്കോ ആശ്രിതര്‍ക്കോ ജോലി നല്‍കിയിട്ടുണ്ടോ?’ തുടങ്ങിയവ വ്യക്തമാക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. 2018 ജനുവരി ഒന്നു മുതലുള്ള കാലയളവില്‍ പ്രളയ ദുരിത ബാധിതരല്ലാത്ത മറ്റാര്‍ക്കൊക്കെ പുനരധിവാസത്തിന് ഫണ്ടു നല്‍കിയെന്നതടക്കം വിശദമായ വിവരങ്ങള്‍ ഫെബ്രുവരി 22 നകം ചീഫ് സെക്രട്ടറി അറിയിക്കണമെന്നും സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button