KeralaLatest News

ചമ്മനാട് ദുരന്തത്തിന് ഇന്ന് 25 വയസ്സ്: തിരിച്ചറിയാതെ ഇനിയും മൂന്നുപേര്‍

ചേര്‍ത്തല: നാടിനെ നടുക്കിയ ചമ്മനാട് ദുരന്തത്തിന് ചൊവ്വാഴ്ച 25 വയസ്സ്. പോലീസ് രേഖകള്‍ പ്രകാരം 1994 ഫെബ്രുവരി അഞ്ചിന് രാത്രി 10.15-നാണ് ദേശീയപാതയില്‍ ചമ്മനാട് ഇ.സി.ഇ.കെ. യൂണിയന്‍ ഹൈസ്‌കൂളിനുസമീപം അപകടം നടന്നത്..തിരുവനന്തപുരം ബാലമന്ദിരത്തിലെയും ബാലികാമന്ദിരത്തിലെയും കുട്ടികളടക്കം 103 യാത്രക്കാരുമായെത്തിയ കെ.എസ്.ആര്‍.ടി.സി. ബസും ചകിരി കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. 37 പേരാണ് അപകടത്തില്‍ മരിച്ചത്.

അപകടം ഇങ്ങനെ

അന്ന് ദേശീയപാത ഒറ്റവരിമാത്രം. ആലപ്പുഴ ഭാഗത്തേക്ക് അമിത വേഗത്തില്‍ പോകുകയായിരുന്നു കെ.എസ്.ആര്‍.ടി.സി. ഫാസ്റ്റ് പാസഞ്ചര്‍ ബസ്. ചമ്മനാട്ടുവെച്ച് എതിരേ കയര്‍ കയറ്റിവന്ന ലോറിയുടെ ലൈറ്റ് ഡിം ചെയ്യാതിരുന്നതിനാല്‍ ബസിന് മുന്നേ പോയിരുന്ന സൈക്കിള്‍, ബസ് ഡ്രൈവറുടെ കാഴ്ചയില്‍പ്പെട്ടത് അടുത്തെത്തിയ ശേഷം. ഇവരെ രക്ഷിക്കാന്‍ ബസ് വലത്തോട്ടു വെട്ടിച്ചപ്പോള്‍ ബസിന്റെ മുന്‍വശം ലോറിയുടെ ഡീസല്‍ടാങ്കു ഭാഗത്ത് ശക്തിയായി ഇടിച്ചു. ബസിന്റെ മുന്‍ ഭാഗം പൂര്‍ണമായി തകര്‍ന്നു. ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടി ഡീസല്‍ പരന്നു. ഇടിയുടെ ആഘാതത്തിലുണ്ടായ തീപ്പൊരി പടരുകയുമായിരുന്നു. ഡീസലും ലോറിയിലെ കയറും തീ പെട്ടെന്ന് ആളിപ്പിടിക്കുന്നതിന് ഇടയാക്കിയെന്നാണ് പോലീസ് റിപ്പോര്‍ട്ട്.. 33 ബസ് യാത്രക്കാരും ലോറി ഡ്രൈവറും ക്ലീനറും ഉള്‍പ്പെടെ 35 പേര്‍ സംഭവദിവസംതന്നെ മരിച്ചു. കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ എം.എം.ദിവാകരനടക്കം രണ്ടുപേര്‍ ചികിത്സയിലിരിക്കെയും മരിച്ചു.ഇ.സി.ഇ.കെ. സ്‌കൂള്‍ വാര്‍ഷികത്തില്‍ പങ്കെടുത്തിരുന്നവരും കിഴക്കേ ചമ്മനാട് ദേവീക്ഷേത്രോത്സവത്തില്‍ പങ്കെടുത്തിരുന്നവരും മറ്റു വാഹനയാത്രക്കാരുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. മരിച്ചവരെല്ലാം കത്തിയമര്‍ന്നു കരിക്കട്ടകളായി. വളരെ ശ്രമിച്ചിട്ടാണ് 26പേരെ തിരിച്ചറിഞ്ഞത്. ദിവസങ്ങള്‍ക്കുശേഷം, തിരിച്ചറിയാനാകാത്ത ഒന്‍പതുപേരുടെ മൃതദേഹങ്ങള്‍ ചേര്‍ത്തല മുനിസിപ്പല്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഇതില്‍ ആറുമാസത്തിനുള്ളില്‍ ആറുപേരെക്കൂടി തിരിച്ചറിഞ്ഞു. മരിച്ചവരില്‍ ഇനിയും മൂന്നുപേര്‍ ആരെന്നു തിരിച്ചറിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button