കൊച്ചി: കേരളത്തില്‍ സമീപകാലത്ത് വളരെ പ്രചാരം നേടിയ ആയുര്‍ ജാക്ക് പ്ലാവുകള്‍ തട്ടിപ്പാണെന്ന് ആരോപണം. കേരളത്തിലെ ഏറ്റവും നല്ല കാര്‍ഷിക നഴ്സറിക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയ റെയ് ജോസാണ് ആയൂര്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. വ്യവസായിക ലക്ഷ്യത്തിന് വേണ്ടി ‘വിയറ്റ്നാം ഏര്‍ളി’ ഇനത്തില്‍പ്പെടുന്ന പ്ലാവുകളുടെ പേര് മാറ്റ് ആയൂര്‍ ജാക്ക് എന്ന പേരില്‍ തട്ടിപ്പ് നടത്തുകയാണെന്ന് റെയ് ജോസ് ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കുന്നു. തൃശൂര്‍ ജില്ലയിലെ കുറുമാല്‍ കുന്നിലെ നഴ്സറിയില്‍ നിന്നാണ് ആദ്യമായി ആയൂര്‍ ജാക്ക് വിപണിയിലെത്തുന്നത്.
ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആന്ധ്രയിലുള്ള ഒരു കര്‍ഷകനാണ് ‘പിങ്ക് പ്ലാവ്’ അഥവാ ‘വിയറ്റ്നാം ഏര്‍ളി’ രാജ്യത്ത് എത്തിക്കുന്നത്. ചക്കയുടെ വിപണിമൂല്യം മനസിലാക്കിയായിരുന്നു ഇത്തരമൊരു നീക്കം. ഏര്‍ളി വിയറ്റ്നാം ചെറിയ പ്രായത്തില്‍ തന്നെ വിളവെടുപ്പ് സാധ്യമാകുന്ന ഇനം പ്ലാവുകളാണ്. ആദ്യത്തെ മൂന്ന് വര്‍ഷത്തിനിടയില്‍ തന്നെ ഈ പ്ലാവുകളില്‍ ചക്കയുണ്ടാകും. മലേഷ്യ, തായ്ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കും, പ്രത്യേകിച്ച് കേരളത്തിലേക്കും പിങ്ക് പ്ലാവുകള്‍ എത്തിയിരുന്നു. 100 മുതല്‍ 200 രൂപ വരെയാണ് കേരളത്തിലെ നഴ്സറികളില്‍ പിങ്ക് പ്ലാവിന്റെ വില.
കുറുമാല്‍ കുന്നിലെ പ്ലാവ് നഴ്സറി ഉടമസ്ഥന്‍ വര്‍ഗീസ് തരകന്‍ പിങ്ക് പ്ലാവിന്റെ പേരുമാറ്റി കൊള്ള ലാഭത്തിന് വില്‍ക്കുന്നുവെന്ന് റെയ് ജോസ് ചൂണ്ടിക്കാണിക്കുന്നു. പ്ലാവിന്റെ ഉത്ഭവത്തെക്കുറിച്ച് അദ്ദേഹം പറയുന്ന കാര്യങ്ങളില്‍ വ്യക്തതയില്ല. കുറുമാല്‍ കുന്നിലെ നഴ്സറിയിലെ പ്ലാവുകളുടെ സ്വഭാവം വിലയിരുത്തി നോക്കിയാല്‍ ഇത് പിങ്ക് പ്ലാവ് ഇനത്തില്‍പ്പെട്ടവയാണെന്ന് ബോധ്യപ്പെടുമെന്നും റെയ് ജോസ് വ്യക്തമാക്കി. നേരത്തെ നവ മാധ്യമങ്ങള്‍ ഉപയോഗിച്ച് വര്‍ഗീസ് തരകന്‍ തട്ടിപ്പ് നടത്തുന്നതായി ലൈജു ജോസ് എന്നയാള്‍ ആരോപണം ഉന്നയിച്ചിരുന്നു.
ശാസ്ത്രീയമായ ആയൂര്‍ ജാക്കിനെക്കുറിച്ച് വര്‍ഗീസ് തരകന്‍ പറയുന്ന കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നാണ് റെയ് ജോസ് പ്രധാനമായും ഉന്നയിക്കുന്ന വിമര്‍ശനം. 100 മുതല്‍ 150 രൂപ വരെ മാത്രം വിലയുള്ള പിങ്ക് പ്ലാവ് പേര് മാറ്റി 500 മുതല്‍ 600 രൂപയ്ക്കാണ് വര്‍ഗീസ് തരകന്‍ വില്‍ക്കുന്നതെന്നും റെയ് പറയുന്നു. നവമാധ്യമങ്ങളിലൂടെയാണ് ആയൂര്‍ ജാക്ക് പ്രസിദ്ധിയാര്‍ജിച്ചത്. ഏതാണ്ട് 1000ത്തോളം പ്ലാവുകള്‍ നിലവില്‍ വര്‍ഗീസ് തരകന്റെ നഴ്സറിയിലുണ്ട്. റെയ് ജോസിന്റെ ആരോപണങ്ങള്‍ക്ക് വര്‍ഗീസ് തരകന്‍ മറുപടി പറയാന്‍ തയ്യാറായിട്ടില്ല.
Post Your Comments