കോഴിക്കോട്: മദ്യപിച്ച് വണ്ടിയോടിക്കല്‍, ഹെല്‍മറ്റ് ധരിക്കാതിരിക്കല്‍– ഇങ്ങനെ എല്ലാ നിയമ ലംഘനക്കാരും സര്‍ക്കാരിനുണ്ടാക്കുന്ന വരുമാനം ചില്ലറയല്ല, കോടികളാണ്. 2018ല്‍ കോഴിക്കോട് സിറ്റി ട്രാഫിക്കില്‍ മാത്രം ഈ ഇനത്തില്‍ നേടിയത് 2.32 കോടി രൂപയാണ്. ഓരോ മാസവും ശരാശരി 25 ലക്ഷം രൂപ പിഴയായി ലഭിക്കുന്നു. 2017ല്‍ 3.30 കോടി രൂപ ആയിരുന്നു മൊത്തം ലഭിച്ച പിഴ.
അതേസമയം അമിതവേഗക്കാരും അനധികൃത പാര്‍ക്കിങ് നടത്തുന്നവരും അല്‍പ്പം ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ ഈ ഇനത്തില്‍ ലഭിച്ച പിഴയില്‍ കുറവുണ്ട്.
നിയമലംഘനത്തിന് ഇരുചക്ര വാഹന യാത്രികരാണ് കൂടുതലും പിഴയൊടുക്കേണ്ടി വരുന്നത്. വാഹനാപകടങ്ങളിലും ഇവര്‍ മുന്‍പന്തിയിലാണ്. കഴിഞ്ഞ വര്‍ഷം ഹെല്‍മറ്റ് ധരിക്കാത്തതിന് മാത്രം 17361 പേര്‍ പിടിക്കപ്പെട്ടു. അപകട കേസുകളുടെ കൈകാര്യം അതത് പൊലീസ് സ്‌റ്റേഷനുകളിലേക്ക് മാറ്റിയതോടെ ട്രാഫിക് പരിശോധനയില്‍ സജീവമാണ്. സ്‌കൂള്‍, റസിഡന്റ്‌സ് എന്നിവിടങ്ങളിലായി ബോധവല്‍ക്കരണ ക്ലാസുകള്‍ കൊടുക്കുന്നുണ്ട്.
കഴിഞ്ഞ മാസം മുതല്‍ ‘സീറോ അവര്‍’ എന്ന പ്രത്യേക പരിശോധനാ സംവിധാനവും ആരംഭിച്ചു. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ആയിരത്തിലേറെ നിയമ ലംഘനങ്ങള്‍ ഇതുവഴി കണ്ടെത്തി.
Post Your Comments