പത്തനംതിട്ട: പൊന്തൻപുഴ – വലിയകാവ് വനാതിർത്തിയിൽ പെരുംപെട്ടി വില്ലേജിലെ 500 കൈവശ കർഷക കുടുംബങ്ങളിലെ അംഗങ്ങൾ ചൂട്ടുമണ്ണിൽ നിന്ന് പെരുമ്പെട്ടിയിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി.തുടർന്നു നടന്ന സമ്മേളനം സുരേഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്തു. സമിതി വക്താവ് ജയിംസ് കണ്ണിമല അധ്യക്ഷത വഹിച്ചു. എസ്.രാജീവ്, സന്തോഷ് പെരുമ്പെട്ടി എന്നിവർ പ്രസംഗിച്ചു. ടോമിച്ചൻ പുനമഠം, മണിയങ്കുളം ജോർജ്കുട്ടി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
കഴിഞ്ഞ ദിവസം പെരുംപെട്ടി വില്ലേജിൽ റവന്യൂവകുപ്പുകള്‍ സംയുക്തസര്‍വേ തുടങ്ങിയിരുന്നു. വനഭൂമിക്കേസിന്റെ പേരിൽ 500 കുടുംബങ്ങള്‍ക്ക് പട്ടയം നിഷേധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍വേനടത്തിയത്.
പൊന്തൻപുഴ – വലിയകാവ് വനത്തിന് പുറത്തുള്ള ആയിരത്തിയിരുന്നൂറോളം കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കുക, 1958 ലെ റിസർവ് വനം സംബന്ധിച്ച ഉത്തരവ് നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്രദേശവാസികൾ കഴിഞ്ഞ എട്ടരമാസമായി സമരം നടത്തുകയും വനംമന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് റവന്യൂ – വനം മന്ത്രിമാരുടെ സാന്നിധ്യത്തിൽ ഈ മാസം പത്തിന് ചേർന്ന യോഗത്തിൽ സർവെ നടത്താൻ തീരുമാനിച്ചത്.
Post Your Comments