മുക്കം•കഴിഞ്ഞ പ്രളയകാലത്ത് തകർന്നിടിഞ്ഞ റോഡിന് മാസങ്ങൾ കഴിഞ്ഞിട്ടും മോക്ഷമില്ല. കാരശ്ശേരി പഞ്ചായത്തിൽ മുക്കം പാലത്തിന് സമീപം ഇരുവഴിഞ്ഞിപ്പുഴക്ക് സമാന്തരമായി മുക്കം പാലം – ചോണാട് റോഡാണ് ഇനിയും നന്നാക്കാതെ അപകടാവസ്ഥയിൽ കഴിയുന്നത്.
പഞ്ചായത്ത് നിർമ്മിച്ച റോഡ് ആഗസ്റ്റിലുണ്ടായ പ്രളയത്തിൽ ഏകദേശം നൂറ് മീറ്ററോളം റോഡിന്റെ നേർ പകുതി കരയടിഞ്ഞ് വൻ ഗർത്തമായിരിക്കുകയാണ്. ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ സഞ്ചരിച്ചിരുന്ന ഈ റോഡിലൂടെയുള്ള സുഗമമായ സഞ്ചാരം തടസ്സപ്പെട്ടിരിക്കുകയാണെങ്കിലും ഇരുചക്രവാഹനവും കാറും ഉൾപ്പടെ ചെറിയ വാഹനങ്ങൾ സാഹസിക ഓട്ടം നടത്തുന്നുണ്ട്. അടി തെറ്റിയാൽ വൻ അപകടമാണ് പതിയിരിക്കുന്നത്. നേരെ ഇരുവഴിഞ്ഞിപ്പുഴയിലാണ് ചെന്ന് പതിക്കുക.
കരയിടിഞ്ഞ ഭാഗം കെട്ടാനുള്ള ഫണ്ട് ഇതുവരെയും പാസായിട്ടില്ലെന്ന് പഞ്ചായത്ത് അംഗം സുഹറ കരുവോട്ട് പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് ടാറിംഗിന് ഫണ്ട് പാസായെങ്കിലും പ്രളയം വന്നതിനാൽ നടപ്പിലാക്കാൻ സാധിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. നൂറോളം വീട്ടുകാരുടെ വഴി മുടങ്ങിയിട്ടും റോഡ് ഗതാഗതയോഗ്യമാക്കാത്തതിലുള്ള പ്രതിഷേധത്തിലാണ് നാട്ടുകാർ.
സാലിം ജീറോഡ്
Post Your Comments