KeralaLatest News

ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വീണ്ടും നടപടി വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് 11 ഡിവൈഎസ്പിമാരെ തരംതാഴ്തിയതിന് പിന്നാലെ കേരളാ പോലീസില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരുന്നു. ആഭ്യന്തര വകുപ്പ് ഇക്കഴിഞ്ഞ ജൂലൈ മാസം തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി. 1500 പോലീസുകാര്‍ക്കെതിരെ പരാതി ലഭിച്ചതില്‍ 1129 പേര്‍ക്ക് വിവിധ കേസുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ഇതില്‍ 387 ഉദ്യോഗസ്ഥര്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്നും കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെയാണ് നടപടിയുണ്ടാവുക.

പട്ടികയിലെ 59 പേര്‍ക്കെതിരെ അതീവഗുരുതരമായ കേസുകളാണ് നിലവിലുള്ളത്. സ്ത്രീകള്‍ക്കുും കുട്ടികള്‍ക്കും എതിരായ അതിക്രമം, വധശ്രമം, കൈക്കൂലി, പരാതിയുമായെത്തുന്നവരെ ഉപദ്രവിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ എന്നിവ ഇതില്‍ പെടും. ഡിവൈഎസ്പി, സിഐ, എസ്ഐ, എഎസ്ഐ തുടങ്ങിയ റാങ്കുകളിലുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ലിസ്റ്റില്‍ കോണ്‍സ്റ്റബിള്‍ നിലവാരത്തിലുള്ള പോലീസുകാര്‍ക്കെതിരാണ് കൂടുതല്‍ പരാതി. കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്ക് ഇതിനോടകം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

നേരത്തെ അച്ചടക്ക നടപടി നേരിട്ട 11 ഡി.വൈ.എസ്.പിമാരെ സി.ഐമാരായി തരം താഴ്ത്തിയിരുന്നു. ആദ്യമായാണ് ഇത്രയും പേരെ ഒന്നിച്ചു തരം താഴ്ത്തുന്നത്. കൂടാതെ സസ്‌പെന്‍ഷനടക്കം ശിക്ഷാനടപടി നേരിട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നത് തടയാനുള്ള നിയമഭേദഗതിയും നിലവില്‍വന്നിരുന്നു. ഇതിനായി കേരള പോലീസ് നിയമത്തിലെ 101-ാം വകുപ്പിലെ ആറാം ഉപവകുപ്പ് ഒഴിവാക്കിയുള്ള ഓര്‍ഡിനന്‍സിനാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button