ചെന്നൈ: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിപിണറായി വിജയനെ പിന്തുണച്ച വിജയ് സേതുപതിക്ക് നേരെ സൈബര്‍ ആക്രമണം. തമിഴ്‌നാട്ടിലെ അയിത്തവും ജാതിവെറിയും അവസാനിപ്പിക്കൂ, എന്നിട്ട് കേരളത്തിലേക്ക് വന്നാല്‍ മതി എന്നൊക്കെ കമന്റുകളില്‍ പറയുന്നു. ശബരിമല തങ്ങളുടെ വികാരമാണ്. ഈ വിഷയത്തില്‍ ഭക്തരുടെ വികാരങ്ങള്‍ മാനിക്കാതെ നിലപാടെടുത്ത വിജയ് സേതുപതി ജല്ലിക്കെട്ട് വിഷയത്തില്‍ എന്ത് നിലപാടാണ് എന്നും പലരും ചോദിക്കുന്നുണ്ട്. ഇനി വിജയ് സേതുപതിയുടെ സിനിമകള്‍ക്ക് കേരളത്തില്‍ പിന്തുണ നല്‍കില്ലെന്നും പല കമന്റുകളിലും പറയുന്നുണ്ട്. അതേ സമയം താരത്തിന്റെ നിലപാടിനെ പിന്തുണച്ചും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.
എന്തിനാണീ ബഹളങ്ങള്‍. ഭൂമി എന്നാല്‍ നമുക്കറിയാം അമ്മയാണ്. അതില്‍നിന്ന് ഒരുപിടി മണ്ണെടുത്ത് പ്രതിമചെയ്യുന്നു. അതിനുശേഷം ആ പ്രതിമ പറയുന്നു ഭൂമി അശുദ്ധയാണെന്ന്. ഇതല്ലേ സത്യത്തില്‍ സംഭവിച്ചത്. ആണായിരിക്കാന്‍ വളരെ എളുപ്പമാണ്. തിന്നു കുടിച്ച് മദിച്ച് ജീവിക്കാം. എന്നാല്‍, സ്ത്രീകള്‍ക്ക് അങ്ങനെയല്ല. എല്ലാമാസവും സ്ത്രീകള്‍ക്ക് ഒരു വേദന സഹിക്കേണ്ടതുണ്ട്. നമുക്കറിയാം അതെന്തിനുള്ള വേദനയാണെന്ന്. പരിശുദ്ധമാണത്. സ്ത്രീകള്‍ക്കത്തരം ഗുണവിശേഷമില്ലെങ്കില്‍ നമ്മളാരും ഇവിടെയുണ്ടാകില്ല. സ്ത്രീയാണ് ദൈവം. അവരെങ്ങനെ അശുദ്ധരാകും. ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി. പലരെയും മാറ്റിനിര്‍ത്തപ്പെടുന്ന പ്രവണത സമൂഹത്തില്‍ കണ്ടുവരുന്നുണ്ട്. അത് മാറേണ്ടതാണ്. തനിക്ക് അടുത്തവനുമായി ഒരു വ്യത്യാസവുമില്ലെന്ന് ഒരാള്‍ മനസ്സിലാക്കുന്നതോടെ എല്ലാം അവസാനിക്കുമെന്നും നമുക്ക് സ്വയംതിരിച്ചറിവുണ്ടായാല്‍ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Post Your Comments