നിത്യ ജീവിതത്തില്‍ നാം പല ആവശ്യങ്ങള്‍ക്കായി റോസ് വാട്ടര്‍ ഉപയോഗിക്കാറുണ്ട്. മംഗള കര്‍മ്മങ്ങള്‍ക്കും, സൗന്ദര്യ സംരക്ഷണത്തിനും ഒക്കെ റോസ് വാട്ടര്‍ ഉപയോഗിക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഉണര്‍വിനും റോസ് വാട്ടര്‍ നല്ലതാണ്. നിരവധി ചര്‍മ്മരോഗങ്ങള്‍ മാറ്റാനും റോസ് വാട്ടര്‍ സഹായിക്കും.
ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും. ചര്്മത്തിന്റെ പി.എച് ലെവല്‍ നിലനിര്‍ത്താനും ഇത് ഉപകരിക്കും. മോസ്ചറൈസര് ആയും ടോണര്‍ ആയും കണ്ണുകളുടെ ക്ഷീണവും തളര്‍ച്ചയായും അകറ്റുന്ന ലേപനമായും ഇതിനൊക്കെ പുറമെ ആഹാര സാധങ്ങള്‍ക്ക് രുചിയും മണവും വര്‍ധിപ്പിക്കുന്നതിനും നാം റോസ് വാട്ടര്‍ ഉപയോഗിക്കാറുണ്ട്. പക്ഷെ വിപണിയില്‍ നിന്നും വാങ്ങുന്ന റോസ് വാട്ടറില്‍ പലപ്പോഴും കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ടാകും. എന്നാല്‍ വീട്ടില്‍ തികച്ചും ഈസിയായി റോസ് വാട്ടര്‍ നിര്‍മ്മിക്കാം.
ശുദ്ധമായ വെള്ളം, വീട്ടില്‍ ഉണ്ടാകുന്ന പനിനീര് പൂവിന്റെ ഇതളുകള്‍ എന്നിവ മാത്രമാണ് ഇതിലേക്ക് ആവശ്യം .ആദ്യമായി റോസ് ഇതളുകള്‍ വേര്‍പെടുത്തിയെടുക്കാം. ഇതില്‍ കീടങ്ങളോ കീടനാശിനിയോ ഇല്ലെന്ന് ഉറപ്പു വരുത്തണം. അതിനു ശേഷം ഇതളുകള്‍ ഒരു പാത്രത്തില്‍ ഇട്ട് ഇതളുകള്‍ മൂടും വരെ വെള്ളം ഒഴിക്കുക. 10- 15 മിനിറ്റ് നന്നായി തിളപ്പിച്ചതിനു ശേഷം ആറുമ്പോള്‍ ഒരു കുപ്പിയിലേക്ക് അരിച്ചെടുക്കാം. ഇപ്പോള്‍ റോസ് ഇതളുകളിലെ നിറം വെള്ളത്തില്‍ കലര്‍ന്ന് സുഗന്ധപൂരിതമായ റോസ് വാട്ടര്‍ നിങ്ങള്‍ക്ക് ലഭിക്കും. ഗ്ലാസ് ബോട്ടിലില്‍ സൂക്ഷിക്കുന്നതാണ് ഉത്തമം.
Post Your Comments