![](/wp-content/uploads/2017/11/thumb_a-c-moideen-copy.png)
തൃശ്ശൂര്‍ : പാഴ്വസ്തുക്കള് കുടുംബശ്രീ വഴി ശേഖരിച്ച് മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളാക്കി വിപണിയില്‍ എത്തിക്കുന്ന സമഗ്ര പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്കി വരികയാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് പറഞ്ഞു. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച വാതകശ്മശാനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകള്‍ മണ്ണില്‍ കിടന്നാലും നശിക്കാത്ത പ്ലാസ്റ്റിക് കവറുകള്‍ ശേഖരിച്ച് അവ ശാസ്ത്രീയമായി പൊടിച്ച് ടാറില്‍ ചേര്‍ത്ത് ബലവത്തായ റോഡുകള്‍ നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു. ജനസംഖ്യ തോത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ ഒരു ഗ്യാസ് ക്രിമിറ്റോറിയം ആവശ്യമായി വന്നിരിക്കുകയാണ്. ആ ഉത്തരവാദിത്വം ഏറ്റെടുത്ത ഗ്രാമപഞ്ചായത്ത് ഭരണസമിതികളെ പ്രത്യേകം അഭിനന്ദനാര്‍ഹരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുരളി പെരുനെല്ലി എം എല്‍ എ അധ്യക്ഷത വഹിച്ചു. മേച്ചേരിപ്പടി തണ്ടഴിപാടത്ത് മുപ്പത്തിരണ്ടര ലക്ഷം രൂപ ചിലവഴിച്ചാണ് വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിന്റെ വാതകശ്മശാനം നിര്‍മ്മിച്ചിട്ടുള്ളത്. പ്രസിഡണ്ട് രതി എം ശങ്കര്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് കെ വി മനോഹരന് ജനപ്രതിനിധികളായ ജിഷ പ്രമോദ്, രത്നവല്ലി സുരേന്ദ്രന്, കെ വി വേലുകുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. ആധുനിക രീതിയിലുള്ള ശുചിത്വ മുറികള്‍, വിശ്രമമുറികള്‍ എന്നി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
Post Your Comments