Latest NewsKerala

മെഡിക്കല്‍- എഞ്ചിനീയറിംഗ് പ്രവേശനം : ഇന്നുമുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം : അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള മെഡിക്കല്‍- എഞ്ചിനീയറിംഗ് പ്രവേശനത്തിന് ഇന്നു മുതല്‍ അപേക്ഷിക്കാം. 28 ന് വൈകീട്ട് അഞ്ചു മണിവരെയാണ് അപേക്ഷിക്കാനാകുക. പ്രോസ്പെക്ടസിന് അംഗീകാരം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതുസംബന്ധിച്ച വിജ്ഞാപനം ഇന്നലെ രാത്രി പുറത്തുവന്നു. ഇന്നു മുതല്‍ ഇത് വെബ്സൈറ്റില്‍ ലഭ്യമാകും.

മെഡിക്കല്‍, എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, ഡെന്റല്‍, ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് കോഴ്സുകളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് വഴി അപേക്ഷിക്കണം.

സര്‍ട്ടിഫിക്കറ്റ്, അനുബന്ധ രേഖകള്‍ എന്നിവ മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി നല്‍കാം. നേറ്റിവിറ്റി, ജനനതീയതി സംബന്ധിച്ച രേഖകള്‍ ഈ മാസം 28 ന് മുമ്പ് അപ് ലോഡ് ചെയ്യണം. ഇവ മുന്‍വര്‍ഷങ്ങളിലെ പോലെ പ്രവേശനപരിക്ഷാ കമ്മീഷണറുടെ ഓഫീസിലേക്ക് തപാലില്‍ അയക്കേണ്ടതില്ല.

ഒരാള്‍ ഒരു കോഴ്സിലേക്കോ, ഒന്നിലധികം കോഴ്സുകളിലേക്കോ ആയി ഒരു അപേക്ഷയേ നല്‍കാവൂ. നീറ്റ് എഴുതുന്നവര്‍ സംസ്ഥാനത്ത് മെഡിക്കല്‍ കോഴ്സുകളില്‍ പ്രവേശനം നേടുന്നതിന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് പ്രത്യേകം അപേക്ഷ നല്‍കണം. എഞ്ചിനീയറിംഗ്, ഫാര്‍മസി പ്രവേശനപരീക്ഷകള്‍ ഏപ്രില്‍ 22, 23 തീയതികളില്‍ നടക്കും. നീറ്റ് മെയ് അഞ്ചിനും നടക്കും.

ബിആര്‍ക്ക് കോഴ്സിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ ജൂണ്‍ 10 ന് മുമ്ബ് യോഗ്യത നേടണം. മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ നീറ്റ് എഴുതി യോഗ്യത നേടണം. അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യത ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്.

എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ഏപ്രില്‍ 10 മുതല്‍ പ്രവേശനപരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. വെബ്സൈറ്റ് : www. cee.kerala.gov.in

shortlink

Related Articles

Post Your Comments

Related Articles


Back to top button