അബുദാബി: ചരിത്രം കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ യുഎഇയിലെത്തി. ആദ്യമായെത്തിയ മാര്‍പാപ്പയ്ക്ക് അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ രാജകീയ വരവേല്‍പ്പാണ് യുഎഇ സര്‍ക്കാര്‍ നല്‍കിയത്. ത്രിദിന യുഎഇ സന്ദര്‍ശനത്തിനായാണ് റോമില്‍നിന്നു പ്രത്യേക വിമാനത്തില്‍ മാര്‍പാപ്പ യുഎഇയിലെത്തിയത്. യുഎഇ ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിന്‍ സഈദ് അല്‍ നഹ്യാന് സഹിഷ്ണുതാവര്‍ഷമായി 2019 പ്രഖ്യാപിച്ചതിന്റെ പൂര്‍ത്തീകരണം കൂടിയായാണു മാര്‍പാപ്പയുടെ വരവിനെ യുഎഇ കാണുന്നത്.
തിങ്കളാഴ്ച രാവിലെ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ അബുദാബി കിരീടാവകാശിയും യുഎഇ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ ഉന്നതതല സ്വീകരണം നല്‍കും. തിങ്കളാഴ്ച വൈകുന്നേരം അബുദാബി ഫൗണ്ടേഴ്സ് മെമ്മോറിയലില്‍ നടക്കുന്ന മതാന്തര സമ്മേളനത്തില്‍ മാര്‍പാപ്പ പ്രസംഗിക്കും. അബുദാബി ഗ്രാന്‍ഡ് മോസ്കും ഫ്രാന്‍സിസ് പാപ്പാ സന്ദര്‍ശിക്കും. മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സ് അംഗങ്ങളുമായി അവിടെ മാര്‍പാപ്പ പ്രത്യേക കൂടിക്കാഴ്ച നടത്തും.
ചൊവ്വാഴ്ച രാവിലെ 10.30ന് അബുദാബി സഈദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദിവ്യബലിയും പ്രസംഗവും. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് യുഎഇ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദിവ്യബലിക്കായി എത്തുന്നവര്‍ക്ക് സൗജന്യ യാത്ര അടക്കമുള്ള സൗകര്യങ്ങളാണ് യുഎഇ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Post Your Comments