കൊച്ചി : ലൈസന്‍സുണ്ടെങ്കില്‍ ബാഡ്‌ജില്ലാതെ ഏഴരടണ്‍വരെ ഭാരമുള്ള ചെറുകിട ടാക്‌സിവാഹനം ഓടിക്കാമെന്ന് ഹൈക്കോടതി. ചെറിയ മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കാന്‍ ഇനിമുതല്‍ സര്‍ക്കാര്‍ നല്‍കുന്ന അനുമതിപത്രമായ ബാഡ്ജ് ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ലൈസന്‍സുള്ളയാള്‍ക്ക് ഏഴരടണ്‍വരെ ഭാരമുള്ള ചെറുകിട ടാക്‌സിവാഹനം ഓടിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്റെ ഉത്തരവ്.
ലൈസന്‍സ് ഉടമകള്‍ക്ക് പൊതു യാത്രാചരക്കു വാഹനം ഓടിക്കാന്‍ പ്രത്യേകാനുമതി ആവശ്യമില്ലെന്ന 2017ലെ സുപ്രീംകോടതിവിധി മുന്‍നിര്‍ത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2017 ജൂലായ് മൂന്നിലെ സുപ്രീംകോടതി വിധി അനുസരിച്ച് കേരളത്തില്‍ സ്വകാര്യ വാഹനങ്ങള്‍ക്കൊഴികെ എല്ലാ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാനും ബാഡ്ജ് നിര്‍ബന്ധമായിരുന്നു. എന്നാല്‍ മറ്റ് സംസ്ഥാനങ്ങള്‍ വിധി നടപ്പാക്കിയിട്ടും ബാഡ്ജിലൂടെ ലഭിക്കുന്ന കോടിക്കണക്കിന് രൂപ നഷ്ടപ്പെടുമെന്ന ആശങ്കയില്‍ കേരളം വിധി നടപ്പാക്കാതിരിക്കുകയായിരുന്നു.
തിരൂരിലെ നൂറുമോന്‍ ഉള്‍പ്പെടെയുള്ളവരുടെ ഹര്‍ജി തീര്‍പ്പാക്കിയാണിത്. ഇവര്‍ക്ക് ടാക്‌സി ബാഡ്ജിന് ചട്ടത്തില്‍ പറയുന്ന വിദ്യാഭ്യാസയോഗ്യതയില്ലെന്ന് വിലയിരുത്തി പൊതുവാഹനം ഓടിക്കാനുള്ള അനുമതി തിരൂര്‍ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ നിഷേധിച്ചിരുന്നു. അതു ചോദ്യം ചെയ്ത് ഹര്‍ജിക്കാര്‍ 2012ലാണ് ഹൈക്കോടതിയെ സമീപിച്ചത്.
Post Your Comments