ദുബായ്: അബുദാബിയില്‍ യു.എ.ഇ സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന ഹിന്ദു ക്ഷേത്രത്തിലെ വാഹന പാര്‍ക്കിംഗിന് വേണ്ടി 13 ഏക്കര്‍ സ്ഥലം കൂടി അധികം അനുവദിച്ചു. ഇതിന് പുറമെ ക്ഷേത്ര നിര്‍മാണത്തിനിടെ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും മറ്റും 10 ഏക്കര്‍ സ്ഥലം യു.എ.ഇ ഭരണകൂടം നല്‍കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ നിര്‍മ്മാണ ചുമതലയുള്ള പൂജ്യ ബ്രഹ്മവിഹാരിദാസ് ആണ് ഇക്കാര്യം അറിയിച്ചത്. അബുദാബി ഭരണാധികാരി ഷെയ്ക് മുഹമ്മദ് ബിന്‍ സെയിദ് അല്‍ നഹ്യാന്‍ സൗജന്യമായി ദാനം ചെയ്ത 13.5 ഏക്കര്‍ ഭൂമിയിലാണ്് ക്ഷേത്ര നിര്‍മാണം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചത്.
ക്ഷേത്രത്തിന്റെ പ്രത്യേകതകള്‍
ഹിന്ദു മത ആചാരങ്ങള്‍ അനുസരിച്ച് മദ്ധേക്ഷ്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ ക്ഷേത്രമാണിത്. ക്ഷേത്രത്തിനുള്ളില്‍ ശ്രീകൃഷ്ണന്‍, ശിവന്‍, അയ്യപ്പന്‍ തുടങ്ങിയ ദൈവങ്ങളുടെ പ്രതിഷ്ഠയാണ് ഉണ്ടാവുക. 55,000 സ്‌ക്വയര്‍ ഫീറ്റ് ചുറ്റളവില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തില്‍ ഹിന്ദു മതവിശ്വാസികള്‍ ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കും. ബോചസന്‍വാസി ശ്രീ അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്തയുടെ മേല്‍ നോട്ടത്തില്‍ നിര്‍മ്മിക്കുന്ന ഈ ക്ഷേത്രം 2020 ഓടെ പൂര്‍ത്തിയാവും. ഇന്ത്യയിലെ ശില്‍പ്പികള്‍ കൈകൊണ്ട് നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ യുഎഇയില്‍ എത്തിച്ചാണ് കൂട്ടിയോജിപ്പിക്കുക. അബുദാബിയിലെ അല്‍ റഹ്ബയില്‍ നിര്‍മ്മിക്കുന്ന ആ ക്ഷേത്രത്തിന് വേണ്ടി ചിലവാകുന്ന മുഴുവന്‍ തുകയും ചിലവഴിക്കുന്നത് അബുദാബി സര്‍ക്കാരാണ്. എല്ലാ മതവിഭാഗങ്ങളെയും സംസ്‌കാരങ്ങളെയും സ്വീകരിക്കാനുള്ള യുഎഇ സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ക്ഷേത്രത്തിന് സ്ഥലം അനുവദിച്ചത്. നിലവില്‍ അബുദാബിയില്‍ ഹിന്ദു ദേവാലയങ്ങളില്ല.
Post Your Comments