ഡൽഹി : കേന്ദ്ര ബജറ്റ് ഇന്ന് രാവിലെ 11ന് ലോക്സഭയില്‍ മന്ത്രി പീയൂഷ് ഗോയല്‍ അവതരിപ്പിക്കും. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷിക കടാശ്വാസ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗ്രാമീണ മേഖലയിലെ പദ്ധതികള്‍ക്കായുള്ള വിഹിതത്തില്‍ 16 ശതമാനത്തിന്റെ വര്‍ദ്ധനവും ബജറ്റില്‍ പ്രതീക്ഷിക്കുന്നു. നെല്ലിന്റെയും ഗോതമ്പിന്റെയും താങ്ങുവില ഇരട്ടിയായെങ്കിലും വര്‍ദ്ധിപ്പിക്കാനും സാധ്യതയുണ്ട്.
അതേസമയം ബജറ്റിന് തൊട്ടുമുമ്പുള്ള സാമ്പത്തിക സര്‍വ്വെ സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ വയ്ക്കാത്തത് വിവാദമായി.അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന അരുണ്‍ ജയ്റ്റ്ലിയുടെ അഭാവത്തില്‍ റെയില്‍ മന്ത്രി പിയൂഷ് ഗോയല്‍ തന്‍റെ കന്നി ബജറ്റാകും ലോക്സഭയില്‍ അവതരിപ്പിക്കുക. ബജറ്റിന് അവസാന രൂപം നല്‍കിയ ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ മന്ത്രി പ്രതികരണത്തിന് തയ്യാറായില്ല.
നോട്ട് അസാധുവാക്കല്‍, ജി എസ് ടി എന്നിവക്ക് ശേഷം മധ്യവര്‍ഗ്ഗത്തിലുള്ള അതൃപ്തി പരിഹരിക്കാന്‍ ആദായ നികുതി സ്ലാബുകളില്‍ മാറ്റം വന്നേക്കാം. നിലവിലുള്ള രണ്ടര ലക്ഷം എന്നത് അഞ്ച് ലക്ഷം രൂപയാക്കുമെന്ന ഊഹാപോഹം നേരത്തെ സര്‍ക്കാര്‍ തള്ളിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കര്‍ഷകര്‍ക്കും ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നു.
വളര്‍ച്ചാ നിരക്ക് സംബന്ധിച്ച കണക്കുകള്‍ വൈകീട്ടോടെ സര്‍ക്കാര്‍ പുറത്തുവിട്ടു. ആയുഷ്മാന്‍ ഭാരത്, ഗ്രാമീണ വീട് നിര്‍മ്മാണം, നഗരഗതാഗതം തുടങ്ങിയവക്ക് ഊന്നല്‍ ഉണ്ടാകുമെന്നാണ് സൂചന. എന്തായാലും തെരഞ്ഞെടുപ്പിന്‍റെ അന്തരീക്ഷം ഒരുക്കുന്നതാകും മൂന്നുമാസത്തെ പ്രസക്തി മാത്രമുള്ളതാണെങ്കിലും പിയൂഷ് ഗോയലിന്‍റെ ബജറ്റ്.
Post Your Comments