തിരുവനന്തപുരം• സംതൃപ്ത സമൂഹത്തിനും സന്തുലിത സമ്പദ്ഘടനയ്ക്കും സഹായകമായ ബജറ്റാണ് കേന്ദ്രത്തിന്റെതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന് പി.എസ് ശ്രീധരന് പിള്ള. നാലരവര്ഷക്കാലം കൊണ്ട് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഭരണം നേടിയെടുത്ത സാമ്പത്തിക പുരോഗതിയും സമ്പദ്ഘഘടനയുടെ സ്ഥിരതയും പ്രതിഫലിപ്പിക്കുന്ന ബഡ്ജറ്റാണ് ധനമന്ത്രി ഗോയൽ അവതരിപ്പിച്ചിരിക്കുന്നത്. സമൂഹത്തിലെ സകല വിഭാഗങ്ങൾക്കും സംതൃപ്തി നൽകാനും അതേയവസരത്തിൽ സമ്പദ്ഘടനയുടെ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടു തന്നെ വികസനരംഗത്തു ഒരു കുതിപ്പിന് കളമൊരുക്കുകയുമാണ് 2019 – 20 ലേക്കുള്ള കേന്ദ്ര ബജറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി പീയൂഷ് ഗോയലും ഇക്കാര്യത്തിൽ
അഭിനന്ദനമർഹിക്കുന്നു.
ലോകം മുഴുവൻ ഉറ്റുനോക്കുകയാണ് ഭാരതത്തിന്റെ വളർച്ചയും വികസനവും.അന്താരാഷ്ട്ര സാമ്പത്തിക ഏജൻസികൾ ഇന്ത്യയുടെ ഈ നേട്ടത്തെ അംഗീകരിച്ചു കഴിഞ്ഞു ഇതിനകം തന്നെ. ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് നാം രേഖപ്പെടുത്തിയിരിക്കുന്നത്. തെരെഞ്ഞെടുപ്പ് സായാഹ്നത്തിൽ മോദിസർക്കാരിന്റെ കിരീടത്തിലെ മറ്റൊരു തിളക്കമാർന്ന തൂവലാണ് ബജറ്റ് തിരുകിച്ചേർത്തിരിക്കുന്നത്. ആത്മവിശ്വാസത്തോടെ ജനങ്ങളെ സമീപിക്കാൻ എൻ ഡി എ അണികൾക്ക് ആത്മവിശ്വാസവും ആവേശവും നൽകുന്നതാണ് ബജറ്റ് 2019 – 2020. ദശതലങ്ങളുള്ള ഒരു ദിശാരേഖയും ബഡ്ജറ്റിനൊപ്പം ഇന്ന് ധനമന്ത്രി അവതരിപ്പിച്ചു എന്നത് ശ്രദ്ധേയമായ ഒരു പുതുമയാണ്.
കർഷകർ, ഗ്രാമീണരായ പാവപ്പെട്ടവർ, വേതനം പറ്റുന്ന മധ്യവർഗം എന്നിവരെ സാമ്പത്തീകമായി ശാക്തീകരിക്കുന്നതിൽ പ്രത്യേക ഊന്നൽ ബജറ്റ് നൽകുന്നു.ചെറുകിട കർഷകർക്ക് 6000 രൂപ വാർഷീകവരുമാനം ഉറപ്പാക്കുന്ന പ്രധാനമന്ത്രി കിസാൻ നിധി, മൂന്നു വർഷത്തിനുള്ളിൽ കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കാനുള്ള പദ്ധതി, അറുപതു വയസ്സ് കഴിഞ്ഞവർക്ക് പ്രതിമാസ പെൻഷൻ, ആദായനികുതിയിൽ നൽകിയ വമ്പിച്ച ഇളവുകൾ എന്നിങ്ങനെ എടുത്തു പറയേണ്ടതായ ഒട്ടനവധി പ്രഖ്യാപനങ്ങളും നിർദേശങ്ങളും പീയൂഷ് ഗോയൽ മുന്നോട്ടു വെച്ചിരിക്കുന്നു.കണ്ണുള്ളവർക്കു ഇത് കാണാതിരിക്കാനും കാതുള്ളവർക്കു കേൾക്കാതിരിക്കാനും ആവില്ല.വരുമാനം ഉറപ്പു വരുത്തുന്നതിലൂടെ പന്ത്രണ്ടു കോടി ചെറുകിട കർഷകർക്കാണ് പ്രയോജനമുണ്ടാവുക.അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി മൂവായിരം രൂപാ വീതമാണ് പെൻഷൻ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. പത്തു കോടി തൊഴിലാളികൾക്കാണ് ഇതിന്റെ പ്രയോജനം.
കള്ളപ്പണ നിർമ്മാർജ്ജനത്തിൽ എൻഡിഎ സർക്കാർ ഡിമോണിടൈസേഷൻ ഒട്ടേറെ മുന്നോട്ടു പോയിരിക്കുന്നു.നികുതിദായകരിൽ എൺപതു ശതമാനം വർദ്ധനവാണുണ്ടായിട്ടുള്ളത്.ആയിരത്തി അറുനൂറ് കോടിയിലധികം രൂപയുടെ ബിനാമി വിദേശസ്വത്തുക്കളാണ് സർക്കാർ ഇതിനകം കണ്ടുകെട്ടിയത്. നികുതിവരുമാനത്തിലാകട്ടെ ഗണ്യമായ വർധനയാണ് ഉണ്ടായിട്ടുള്ളത്. നോട്ടുപിൻവലിക്കൽ പരാജയപ്പെട്ടു എന്ന് മുറവിളി കൂട്ടുന്നവർക്കുള്ള ചുട്ട മറുപടിയാണീ വസ്തുതകൾ. മധ്യവർഗത്തിനു ആദായനികുതി പരിധി അഞ്ചു ലക്ഷമായി വർധിപ്പിച്ചതിലൂടെ വലിയ ആശ്വാസമാണ് ലഭിക്കുന്നത്. മധ്യവർഗത്തിന്റെ കയ്യിൽ പണമുണ്ടാവുമ്പോൾ സാമ്പത്തിക പ്രക്രിയയെ അത് ത്വരിതപ്പെടുത്തും.
ദീർഘമായ തീരദേശമുള്ള, നല്ലൊരു വിഭാഗംമത്സ്യതൊഴിലാളികളുള്ള നമ്മുടെ സംസ്ഥാനത്തിന്റെ ഏറെക്കാലയമായി അംഗീകരിക്കപ്പെടാത്ത ആവശ്യമായിരുന്നു മത്സ്യബന്ധനമേഖലയ്ക്കായി ഒരു പ്രത്യേയക വകുപ്പ്. ബിജെപിയുടെ കേരളഘടകം അടുത്ത കാലത്തു ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ആ ചിരകാലാഭിലാഷമാണ് ഈ ബഡ്ജറ്റിൽ യാഥാർഥ്യമായത് .
ചുരുക്കിപ്പറഞ്ഞാൽ ‘സബ് കാ സാഥ് സബ് കാ വികാസ്’ അഥവാ എല്ലാർക്കുമൊപ്പം എല്ലാവരുടെയും വളർച്ചക്ക് എന്ന മുദ്രാവാക്യം നടപ്പിലാക്കുന്നതിൽ ബഹുദൂരം മുന്നോട്ടു പോകാൻ ഈ ബജറ്റ് സഹായിക്കുന്നുവെന്നും ശ്രീധരന് പിള്ള പ്രസ്താവനയില് പറഞ്ഞു.
Post Your Comments