KeralaLatest News

ഉമ്മന്‍ചാണ്ടി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരപ്പന്തല്‍ ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. എന്‍ഡോസള്‍ഫാന്‍ ഇരകളുള്ള കുടുംബങ്ങളെ മുഴുവന്‍ ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും ചികിത്സാ സഹായം ഉറപ്പാക്കണമെന്നും ഉമ്മന്‍ ചാണ്ടി സമരപന്തല്‍ സന്ദര്‍ശിച്ച് പറഞ്ഞു. അര്‍ഹതപ്പെട്ടവരെ കണ്ടെത്താന്‍ ക്യാമ്പ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം, വീടില്ലാത്ത എല്ലാവര്‍ക്കും വീട് നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ബാധിതരായ എട്ടുകുട്ടികളും അവരുടെ രക്ഷിതാക്കളും അടങ്ങിയ മുപ്പതംഗ സംഘം തലസ്ഥാനത്ത് മൂന്ന് ദിവസമായി സമരം നടത്തുകയാണ്. മുഴുവന്‍ ദുരിതബാധിതരേയും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, സുപ്രീം കോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവര്‍ക്കും നല്‍കുക, കടങ്ങള്‍ എഴുതിത്തള്ളുക, പുനഃരധിവാസ ഗ്രാമം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.

ഒരു വര്‍ഷം മുന്‍പ് ഇതുപോലെ കാസര്‍കോഡ് നിന്നെത്തിയ ദുരിതബാധിതര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്തിരുന്നു. അന്ന് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി നടപ്പായില്ലെന്നാണ് സമര സമിതി ആരോപിക്കുന്നത്. അധികാരികളുടെ കണ്ണ് തുറക്കും വരെ പട്ടിണി സമരമെന്നാണ് ഇവരുടെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button