ന്യൂഡല്‍ഹി: സിബിഐ ഡയറക്ടറെ നയമിക്കാനുള്ള ഉന്നതാധികാര സമിതി ഇന്ന് യോഗം ചേര്‍ന്നേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, കോണ്‍ഗ്രസിന്റെ സഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരടങ്ങിയ ഉന്നതാധികാര സമിതി ഇന്ന് വൈകിട്ട് ആറോടെ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുപ്പക്കാരെയും വേണ്ടപ്പെട്ടവരെയും മാത്രം അധികാരപദവിയിലെത്തിക്കുന്ന കീഴ് വഴക്കമുണ്ടെന്ന് ആരോപണം മറികടക്കാന്‍ തലപ്പത്തു വനിതയെ നിര്‍ദേശിക്കാനാണ് സര്‍ക്കാര്‍ നീക്കം.56 വര്‍ഷം പിന്നിട്ട ഏജന്‍സിയില്‍ ഡയറക്ടര്‍ സ്ഥാനത്തു ഇന്നുവരെ വനിതയെ നിയമിച്ചിട്ടില്ല.
ഡയറക്ടര്‍ സ്ഥാനത്ത് വനിത എത്തിയാല്‍ അത് ചരിത്രമാകും. മധ്യപ്രദേശ് കേഡറിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥ റിന മിത്രയാണ് പരിഗണന പട്ടികയിലുള്ള പേരുകളില്‍ ഏറ്റവും സാധ്യതയുള്ള വനിത. പേഴ്‌സണല്‍ മന്ത്രാലയം തയാറാക്കിയ 12 അംഗ ചുരുക്ക പട്ടികയിലും റിനയുടെ പേരുണ്ട്. ബംഗാളില്‍ വേരുകളുള്ള റിന, 1983 ബാച്ച് ഉദ്യോഗസ്ഥയാണ്. നിലവില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ആഭ്യന്തര സുരക്ഷാ ചുമതലയുള്ള സ്‌പെഷല്‍ സെക്രട്ടറി പദവി വഹിക്കുകയാണ് അവര്‍. പുതിയ നിയമനത്തിലൂടെ വിവാദങ്ങളുടെ പടുകുഴിയില്‍ നിന്നും കരകയറാനുള്ള വവിതെളിയുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍.
Post Your Comments