കണ്ണൂര്‍: ഇരിട്ടി ആറളം ഫാമില്‍ കൊമ്പനാനയുടെ ജഡം കണ്ടെത്തി. ഫാം അഞ്ചാം ബ്ലോക്കിലെ കശുമാവിന്‍തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. ആറളം വന്യജീവിസങ്കേതത്തില്‍നിന്നെത്തി ഫാമില്‍ താവളമടിച്ച ആനക്കൂട്ടത്തില്‍പ്പെട്ട കൊമ്പനാണ് ചരിഞ്ഞത്. കഴിഞ്ഞ ദിവസം ജനവാസമേഖലയില്‍നിന്ന് ആനക്കൂട്ടത്തെ വന്യജീവിസങ്കേതത്തിലേക്ക് തുരത്താനുള്ള ശ്രമത്തിനിടയില്‍ ഇതിനെയും കണ്ടെത്തിയെങ്കിലും കൂട്ടംതെറ്റി ഓടിയതിനാല്‍ ഫാമിന്റെ അധീനമേഖലയില്‍ത്തന്നെ കഴിയുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ അഞ്ചാം ബ്ലോക്കില്‍ പണിക്കെത്തിയ തൊഴിലാളികള്‍ ദുര്‍ഗന്ധത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. തുമ്പിക്കൈയും ശരീരഭാഗങ്ങളും മറ്റു മൃഗങ്ങള്‍ കടിച്ചുതിന്നതിന്റെ ലക്ഷണമുണ്ട്. ഏകദേശം 20 വയസ് പ്രായമുള്ള കൊമ്പനാണ് ചരിഞ്ഞത്. അഴുകിയ ശരീരഭാഗത്തുനിന്നു കൊമ്പ് വേര്‍പെട്ടിട്ടുണ്ട്. ഫാമില്‍ 13-ഓളം ആനകളാണ് തമ്പടിച്ചിരിക്കുന്നത്. ഒരുമാസം മുന്‍പ് ഇവയെയെല്ലാം വനത്തിലേക്കു തുരത്തിയെങ്കിലും ആനമതില്‍ തകര്‍ന്ന ഭാഗത്തുകൂടി ജനവാസമേഖലയിലേക്ക് തിരികെ പ്രവേശിക്കുകയായിരുന്നു. നേരത്തേ പാലപ്പുഴ പുഴകടന്ന് വിളക്കോട് മേഖലയില്‍ ഭീതിപരത്തിയ കൊമ്പനാണിതെന്നു സംശയിക്കുന്നു. ഒരുമാസം മുമ്പ് ജനവാസമേഖലയില്‍ മെലിഞ്ഞ് ശോഷിച്ച നിലയില്‍ ഒരാനയെ കണ്ടിരുന്നുവെന്ന് ആറളം ഫാം തൊഴിലാളികള്‍ പറഞ്ഞു. കാലിന് പരിക്കേറ്റ നിലയില്‍ ഏന്തിവലിഞ്ഞ് നടക്കുന്നതായി സംശയം തോന്നിയിരുന്നു.
കാലിനേറ്റ പരിക്കാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. കൂത്തുപറമ്പ് വെറ്ററിനറി സര്‍ജന്‍ അലക്‌സ് കിടങ്ങില്‍, ഇരിട്ടി വെറ്ററിനറി സര്‍ജന്‍ വി.ആല്‍വിന്‍ വ്യാസ് എന്നിവര്‍ ചേര്‍ന്നാണ് ജഡപരിശോധന നടത്തിയത്. ജഡപരിശോധനയ്ക്കു ശേഷം ജഡം അവിടെത്തന്നെ സംസ്‌കരിച്ചു.
Post Your Comments