NewsIndia

റാലി നടത്താന്‍ അനുമതി നല്‍കിയില്ല; ബംഗാളിനെ പ്രശ്‌നബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് ബിജെപി

 

പശ്ചിമബംഗാളിനെ പ്രശ്‌ന ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ബിജെപി. ഇക്കാര്യമുന്നയിച്ച് സംസ്ഥാനത്തെ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ വീണുകിട്ടുന്ന ഓരോ ആയുധവും തന്ത്രപരമായി പ്രയോഗിക്കുകയാണ് ബി.ജെ.പി.

പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും റാലികള്‍ക്ക് മമത സര്‍ക്കാര്‍ അനുമതി നല്‍കാത്തതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. മമതയുടെ ഭരണത്തിന്‍ കീഴില്‍ സംസ്ഥാനം വലിയ പ്രതിസന്ധികള്‍ നേരിടുന്നെന്നും ക്രമസമാധാനനില ആകെ തകര്‍ന്നെന്നും സ്ഥാപിക്കുകയാണ് ബി.ജെ.പി ലക്ഷ്യം. അക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട ബി.ജെ.പി നേതാക്കള്‍, പശ്ചിമബംഗാളിനെ പ്രശ്‌നബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു.

ബി.ജെ.പി റാലികള്‍ക്ക് അനുമതി നല്‍കാത്തതും വി.വി.ഐ.പി നേതാക്കളുടെയും കേന്ദ്രമന്ത്രിമാരുടെയും ചോപ്പറുകള്‍ക്ക് ലാന്‍ഡ് ചെയ്യാന്‍ അനുമതി നല്‍കാത്തതുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തിയെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സായന്തന്‍ ബസു പറഞ്ഞു.

ഈ മാസം മുതല്‍ വലിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കാണ് ബി.ജെ.പി ആസൂത്രണം ചെയ്യുന്നത്. അതിന് മമത സര്‍ക്കാര്‍ സൃഷ്ടിക്കുന്ന തടസങ്ങള്‍ രാഷ്ട്രീയ മായി ഉപയോഗിക്കുകയാണ് ബി.ജെ.പി ലക്ഷ്യം. അതേസമയം തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് കേന്ദ്രസേനയെ പശ്ചിമബംഗാളില്‍ വിന്യസിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button