ബര്‍വാനി •മധ്യപ്രദേശില്‍, ബി.ജെ.പി ബല്‍വാഡി മണ്ഡലം പ്രസിഡന്റ് മനോജ് താക്കറെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന വര്‍ക്കിംഗ് കമ്മറ്റി അംഗം തരാചന്ദ് രാത്തോഡിനെയും, മകനെയും ഉള്‍പ്പടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഉടലെടുത്ത രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
താക്കറയുടെ കൊലപാതകത്തിനെതിരെ ബി.ജെ.പി ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ആരോപിച്ചുകൊണ്ട് ബര്‍വാനിയില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുത്തതും രാത്തോഡ് ആയിരുന്നു.
ഫെബ്രുവരി 1 നകം പ്രതികളെ പിടിച്ചില്ലെങ്കില്‍ പ്രക്ഷോഭങ്ങള്‍ക്ക് താന്‍ നേതൃത്വം നല്‍കുമെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 11 ദിവസം കൊണ്ടാണ് പോലീസ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. രാത്തോഡ് ആണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും 5 ലക്ഷം രൂപയാണ് കൊലയാളികള്‍ക്ക് പ്രതിഫലം നല്‍കിയതെന്നും പോലീസ് പറഞ്ഞു.
കേസില്‍ തെളിവുകളൊന്നും കണ്ടെത്താന്‍ കഴിയാതെ വിഷമിച്ച പോലീസിന് പിടിവള്ളിയായത് അസംബ്ലി തെരഞ്ഞെടുപ്പ് കാലത്ത് വൈറലായി മാറിയ ഒരു വോയ്സ് ക്ലിപ്പ് ആയിരുന്നു. ഇത് താക്കറെയും രാത്തോഡിന്റെ മകന് ഡിഗ് വിജയ് സിംഗും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന സൂചന നല്‍കുന്നതായിരുന്നു.
Post Your Comments