KeralaLatest News

ഇത് കലാകാരൻമാർ ആക്രമിക്കപ്പെടുന്ന കാലം: മുഖ്യമന്ത്രി പിണറായി വിജയൻ

കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ ആർട്ട് ഗാലറി, സ്റ്റുഡിയോ സമുച്ചയം എന്നിവ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം•കലാവിഷ്‌കാരങ്ങളും കലാകാരൻമാരും ആക്രമിക്കപ്പെടുകയും പരസ്യമായി ആക്രമണാഹ്വാനം മുഴക്കപ്പെടുകയും ചെയ്യുന്ന കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സ് ആർട്ട് ഗാലറി, സ്റ്റുഡിയോ സമുച്ചയം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കലയ്ക്കും കലാകാരൻമാർക്കും വേണ്ടി കൂടുതൽ സംവാദസ്ഥലങ്ങൾ ആവശ്യമായിരിക്കുന്നു. ഈ സാഹചര്യത്തിൽ സ്വതന്ത്രവും ധീരവുമായ മനുഷ്യാവിഷ്‌കാരത്തിന്റെ ഇടമാകണം കോളേജ് ഓഫ് ഫൈൻ ആർട്‌സ് പോലുള്ള സ്ഥാപനങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എഴുതപ്പെട്ട ചരിത്രത്തിനപ്പുറം ഒരു കലാത്മകചരിത്രംകൂടി ഉണ്ടാകണം എന്ന് മുഖ്യമന്ത്രി പറഞ്ഞു. ചരിത്രകാരന്മാര്‍ വിട്ടുപോയ ഭാഗം കൂട്ടിച്ചേർത്ത് ചരിത്രം സമഗ്രമാക്കുകയാണ് കലാകാരന്മാരുടെ ഉത്തരവാദിത്വം. വ്യവസ്ഥിതിയുടെ സംരക്ഷകർ എഴുതുന്നതല്ല, അവർ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നതാണ് ചരിത്രം. പൂഴ്ത്തിവയ്ക്കാൻ ശ്രമിക്കുന്നവയിൽ ഉജ്ജ്വലങ്ങളായ കലാപത്തിന്റെ ചരിത്രമുണ്ട്. അത് മുന്നോട്ടുചലിക്കാൻ ഊർജം പകരുന്നവയാണ്. ചരിത്രം യുദ്ധങ്ങളുടെയും ആഘോഷങ്ങളുടെയും മാത്രമല്ല, സമൂഹത്തിന്റെ സാംസ്‌കാരികമാറ്റങ്ങളുടെ ആന്തരികമായി സംഭവിക്കുന്ന മാനസികപരിണാമങ്ങളുടേതുകൂടിയാണ്. അത് ഏറ്റവും നന്നായി ആവിഷ്‌കരിക്കപ്പെടുന്നത് കലാരൂപങ്ങളിലൂടെയാണ്. അതാണ് കലാകാരന്മാര്‍ വേട്ടയാടപ്പെടാനുള്ള കാരണം. രാജാക്കന്മാരുടെ ചരിത്രം പ്രചരിപ്പിക്കുന്ന വ്യഗ്രതയിൽ അയ്യങ്കാളി സ്‌കൂളിലേക്കു കൂട്ടിക്കൊണ്ടുപോയ പഞ്ചമിയുടെയും മാറിടം മുറിച്ച നങ്ങേലിയുടെയും ചരിത്രം മറക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.കെ.ടി.ജലീൽ അധ്യക്ഷതവഹിച്ചു. നവോത്ഥാനത്തിന്റെ കാലികപ്രസക്തി വിളിച്ചോതുന്ന ഒരു കാലത്താണ് ഇത്തരമൊരു നവോത്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുന്നതെന്നത് സന്തോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പൈതൃകപാരമ്പര്യങ്ങളെ കാത്തുസൂക്ഷിക്കുകയും പരിചരിക്കുകയും ചെയ്യുക എന്നത് ഏതൊരു വ്യക്തിയുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായം പറയുന്നവരെ ആക്രമിക്കുന്ന പ്രവണത കേരളത്തിലും തുടങ്ങിയതായി ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്ന പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ പറഞ്ഞു. എന്നാൽ ഇവിടുത്തെ ജനസഞ്ചയം നവീനചിന്തകളെ പിന്തുണയ്ക്കുന്നവരായതിനാൽ യാഥാസ്ഥിതികചിന്തകൾക്ക് ശക്തി പ്രാപിക്കുക എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.

വി.എസ്.ശിവകുമാർ എം.എൽ.എ, മേയർ അഡ്വ.വി.കെ.പ്രശാന്ത്, സാങ്കേതികവിദ്യാഭ്യാസവകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ.വി.ഐ.ബീന എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ ഇ.കെ.ഹൈദ്രൂ സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു. സാങ്കേതിക വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ ഡോ.കെ.പി.ഇന്ദിരാദേവി സ്വാഗതവും കോളേജ് പ്രിൻസിപ്പൽ പ്രൊഫ.എ.എസ്.സജിത് നന്ദിയും പറഞ്ഞു.

രണ്ടു ആർട്ട് ഗാലറികളും മൂന്ന് സ്റ്റുഡിയോകളും ഇതിന്റെ ഭാഗമാണ്. വിക്ടോറിയൻ ശൈലിയിലുള്ള പഴയ കെട്ടിടത്തിന്റെ പാരമ്പര്യത്തനിമ സൂക്ഷിച്ചാണ് പുതിയ മന്ദിരവും പണിതിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button