ഡല്‍ഹി: ഏതെങ്കിലും സംസ്ഥാനങ്ങളില്‍ നിന്ന് ബിരുദമോ ഡിപ്ലോമയോ നേടിയ നഴ്സുമാര്‍ക്ക് ഇന്ത്യയില്‍ എവിടെയും തൊഴിലെടുക്കാമെന്ന് സുപ്രീംകോടതി. ബോംബെ ഹൈക്കോടതി വിധിക്കെതിരെ സ്വകാര്യ നഴ്സിങ് സ്കൂള്‍സ് ആന്‍ഡ് കോളേജ് മാനേജ്മെന്റ് അസോസിയേഷന് സമര്‍പ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് ആര് എഫ് നരിമാന് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. 1947ലെ നഴ്സിങ് കൗണ്‍സില്‍ ആക്ട് പ്രകാരം ഏതെങ്കിലും സംസ്ഥാനത്തുനിന്ന് ബിരുദമോ ഡിപ്ലോമയോ നേടിയ നഴ്സുമാര്‍ ആ സംസ്ഥാനത്തുമാത്രമേ തൊഴിലെടുക്കാന്‍ പാടുള്ളൂവെന്ന നിയന്ത്രണമില്ലെന്ന് കോടതി നിരീക്ഷിച്ചു.
മഹാരാഷ്ട്രയിലെ നഴ്സിങ് സ്ഥാപനങ്ങളില്‍നിന്ന് ഡിപ്ലോമയോ ബിരുദമോ നേടിയ നേഴ്സുമാര്‍ക്ക് ആ സംസ്ഥാനത്തു മാത്രമേ തൊഴിലെടുക്കാന്‍ അനുമതിയുള്ളൂവെന്ന ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ചിന്റെ 2018 ഒക്ടോബറിലെ വിധിന്യായത്തിലെ നിര്‍ദേശത്തിന് എതിരെയാണ് അപ്പീല്‍. പൗരന്മാര്ക്ക് ഏത് തൊഴിലെടുക്കാനുമുള്ള അനുമതി നല്കുന്ന ഭരണഘടനയിലെ 19(1) (ജി) വകുപ്പിന്റെ നിഷേധമാണ് ഹൈക്കോടതി ഉത്തരവിലെ വ്യവസ്ഥയെന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു.
Post Your Comments