കരകൗശലവസ്തുക്കൾക്ക് വിനോദസഞ്ചാരികൾക്ക് മുന്നിൽ മികച്ച വിപണി ഒരുക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കരകൗശലമേഖലയ്ക്ക് പുത്തനുണർവ് പകരാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കരകൗശല വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടൂൾക്കിറ്റുകളുടെ വിതരണവും നൂതന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
നഷ്ടത്തിലായിരുന്ന കരകൗശല വികസന കോർപറേഷന് ഈ സർക്കാർ നാലുകോടി രൂപ പ്രവർത്തന മൂലധനം നൽകിയതാണ് പുത്തൻ ഉണർവായത്. അഞ്ചുകോടി പ്രവർത്തന നഷ്ടമുണ്ടായിരുന്ന സ്ഥാപനം ഇപ്പോൾ നഷ്ടം പകുതിയിലേറെ കുറഞ്ഞ് ലാഭത്തിലേക്ക് നീങ്ങുകയാണ്. നോട്ടുനിരോധനവും, ജി.എസ്.ടിയുമെല്ലാം കോർപറേഷനും കരകൗശലമേഖലയ്ക്കും പ്രതികൂലമായി ബാധിച്ചിരുന്നു.
കരകൗശല മേഖലയിലുള്ള തൊഴിലാളികൾ ഭൂരിഭാഗവും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലുള്ളവരാണ്. അവരുടെ സംരക്ഷണം ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് കോർപറേഷൻ മുഖേന നടത്തുന്നത്. ഇൻറഗ്രേറ്റഡ് പ്രോജക്ട് ഫോർ ഡെവലപ്‌മെൻറ് ഓഫ് ഹാൻറിക്രാഫ്റ്റ്‌സ് പുനരുജ്ജീവിപ്പിക്കാനായി. ഇതുവഴി ഒരുകോടി 90 ലക്ഷം രൂപ അനുവദിക്കാൻ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. കരകൗശല വികസന കോർപറേഷനെക്കുറിച്ചുള്ള ഹ്രസ്വചിത്രത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. തടി, മെറ്റൽ, വാഴനാര്, കളിമണ്ണ്, സ്ട്രാ പിക്ചർ എന്നീ മേഖലകളിൽ കരകൗശല വസ്തുക്കൾ നിർമിക്കുന്ന 10000 പേർക്ക് അവരുടെ ജോലിക്കാവശ്യമായ ടൂൾകിറ്റുകൾ നൽകുന്നതിന്റെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. 1300 പേർക്കാണ് ആദ്യഘട്ടത്തിൽ 10000 രൂപ വിലവരുന്ന കിറ്റുകൾ നൽകിയത്.
Post Your Comments