വിവാദ പ്രസ്താവനകളുടെ തോഴനായ കേന്ദ്ര മന്ത്രി അനന്തകുമാര്‍ ഹെഗ്‌ഡെ വീണ്ടും രംഗത്ത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയാണ് ബി.ജെ.പി മന്ത്രിയുടെ അധിക്ഷേപം. അച്ഛന്‍ മുസ്ലിമും അമ്മ ക്രിസ്ത്യാനിയുമായ രാഹുല്‍ ഗാന്ധി എങ്ങനെ ബ്രാഹ്മണനാകുമെന്നാണ് ഹെഗ്‌ഡെയുടെ പരിഹാസം.”അദ്ദേഹത്തിന് (രാഹുല്‍ഗാന്ധിക്ക്) രാജ്യത്തെക്കുറിച്ചോ മതത്തെ കുറിച്ചോ ഒന്നുമറിയില്ല. അച്ഛന്‍ മുസ്ലിമും അമ്മ ക്രിസ്ത്യാനിയും മകന്‍ ബ്രാഹ്മണനും. അതെങ്ങനെ സംഭവിക്കും? ” ഹെഗ്‌ഡെ ചോദിച്ചു. കോണ്‍ഗ്രസിലല്ലാതെ ലോകത്തെവിടെയും ഇതുപോലെ സങ്കരവിഭാഗത്തെ കാണാനാകില്ലെന്നും ഹെഗ്ഡെ പരിഹസിച്ചു. രാഹുല്‍ ഗാന്ധി പൂണൂല്‍ ധരിക്കുന്നുണ്ടെന്നും, അങ്ങനെ ചെയ്യാന്‍ രാഹുലിന് എങ്ങനെയാണ് അര്‍ഹത ലഭിക്കുന്നതെന്നുമുള്ള കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പരാമര്‍ശം നേരത്തെ വിവാദമായിരുന്നു.
ഹിന്ദു പെണ്‍കുട്ടിയെ തൊടുന്നവര്‍ ജീവനോടെ ബാക്കിയുണ്ടാവില്ലെന്ന ഹെഗ്ഡെയുടെ പ്രസ്താവനക്കെതിരെ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ‘ഇന്ത്യന്‍ ജനതക്ക് മുഴുവന്‍ നാണക്കേട്’ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഇത്തരം പ്രസ്താവനകള്‍ ഒരു കേന്ദ്ര മന്ത്രിക്ക് ചേര്‍ന്നതല്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിക്കുകയുണ്ടായി. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവുവിനെയും ഹെഗ്‌ഡെ കഴിഞ്ഞ ദിവസം അധിക്ഷേപിക്കുകയുണ്ടായി. മുസ്ലിം സ്ത്രീയുടെ പിറകെ നടക്കുന്ന ആള്‍ എന്ന രീതിയിലേ ദിനേശ് ഗുണ്ടു റാവുവിനെ തനിക്ക് അറിയൂ എന്നായിരുന്നു ഹെഗ്‌ഡെയുടെ ആക്ഷേപം. ഒന്നിനുപുറമേ ഒന്നായാണ് ഹെഗ്‌ഡെ വിവാദ പരാമര്‍ശങ്ങലുമായി രംഗത്തെത്തുന്നത്.
Post Your Comments