NattuvarthaLatest News

കുട്ടികള്‍ക്ക് അഭയവും ആശ്വാസവുമായി; ദി ബഡ്ഡി പ്രോജക്ടിന് കൊച്ചിയില്‍ തുടക്കമായി

കൊച്ചി : മലയാളത്തിലെ മിന്നും താരങ്ങളെ സാക്ഷിയാക്കി ദി ബഡ്ഡി പ്രോജക്ടിന് കൊച്ചിയില്‍ തുടക്കമായി. കുട്ടികള്‍ക്കിടയില്‍ കണ്ടുവരുന്ന പരസ്പരമുള്ള കളിയാക്കല്‍, ആക്ഷേപിക്കല്‍, കുറ്റപ്പെടുത്തല്‍ തുടങ്ങിയ ദുശ്ശീലങ്ങളെ ബോധവത്കരണത്തോടെ തടയുക എന്ന ലക്ഷ്യത്തോടെ ദക്ഷിണേന്ത്യയില്‍ ആദ്യമായി രൂപീകരിച്ച ദി ബഡ്ഡി പ്രോജക്ടാണ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. എറണാകുളം തേവര എസ് എച്ച് സ്‌ക്കൂള്‍ ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ ഗായകന്‍ വിജയ് യേശുദാസ്, ഫുട്‌ബോള്‍ താരം സന്ദീഷ് ജിംഗന്‍, ചലിച്ചിത്ര താരങ്ങളായ അപര്‍ണ ബാലമുരളി, രജിഷ വിജയന്‍, അര്‍ജ്ജുന്‍ അശോകന്‍, നിരഞ്ജനാ അനൂപ്, സര്‍ജ്ജാനോ ഖാലിദ്, പ്രശ്‌സ്ത മോഡന്‍ തന്‍വീര്‍ മുഹമ്മദ്, ജയലക്ഷ്മി സില്‍ക്‌സ് പ്രതിനിധി വിനോദിനി, എസ് എച്ച് സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ടോമി എന്നിവര്‍ ചേര്‍ന്ന് തിരിതെളിയിച്ച് ദി ബഡ്ഡി പ്രോജക്ടിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചത്. കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്ന പരസ്പരമുള്ള കുറ്റപ്പെടുത്തലുകളും, കളിയാക്കലുകളും അവരുടെ ഭാവിയെ തന്നെ അപകടപ്പെടുത്തുന്ന രീതിയിലേക്ക് നീങ്ങുകയാണ് ഇത്തരം സാഹചര്യങ്ങളില്‍ കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തി പരസ്പര ബഹുമാനത്തോടും സ്‌നേഹത്തോടുംകൂടി സ്‌ക്കൂള്‍ ക്യാമ്പസുകളില്‍ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗം കൂടിയാണ് പ്രസ്തുത പ്രോജക്ട് എന്ന് അര്‍ച്ചന രവി പറഞ്ഞു.

ബോധവത്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുക, ആശയങ്ങളും ആശങ്കകളും പങ്കുവെക്കാനുള്ള പൊതുവേദി, ടോള്‍ ഫ്രീ സംവിധാനം, വെബ് സൈറ്റ് കൂടാതെ സോഷ്യല്‍ മീഡിയയുടെ പങ്കാളിത്തവും കൂടി സംയോജിപ്പിച്ച് സംസ്ഥാനത്തെ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ദി ബഡ്ഡി പ്രോജക്ടിന്റെ പ്രവര്‍ത്തനം. രാജ്യത്തെ പ്രശസ്ത മോഡലായ അര്‍ച്ചന രവിയും 60 അംഗങ്ങളുള്ള ടീമുമാണ് ഈ കൂട്ടായ്മയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അദ്ധ്യാപകരും മാതാപിതാക്കളും വിദ്യാര്‍ത്ഥികളുമടക്കമുള്ള വിപുലമായ സദസ്സ് ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു. വിവിധ പ്രായത്തിലുള്ള ഇരുപതോളം ഭിന്നശേഷിക്കാരായ കുട്ടികളുടെ ഫാഷന്‍ ഷോയും കലാപരിപാടികളും ചടങ്ങുകള്‍ക്ക് കൊഴുപ്പേകി. പ്രളയത്തില്‍ ദുരിതമനുഭവിച്ച വിവിധ കുടുംബങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒരു കുടുംബത്തിന് ദി ബഡ്ഡി പ്രോജക്ടിന്റെ 1 ലക്ഷം രൂപയുടെ ധനസഹായം ചടങ്ങില്‍ കൈമാറി. ജയലക്ഷ്മി സില്‍ക്‌സിന്റെ സമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടുള്ള പൂര്‍ണ്ണ പിന്തുണ നല്കിയാണ് ദി ബഡ്ഡി പ്രോജക്ടിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്. ഈ പദ്ധതി സ്‌പോണ്‍സര്‍ ചെയ്യുന്നതും ജയലക്ഷ്മി സില്‍ക്‌സാണ്.

shortlink

Post Your Comments


Back to top button