IndiaNews

രാജ്യത്ത് പന്നിപ്പനി പെരുകുന്നു

 

ഡല്‍ഹി: രാജ്യത്ത് പന്നിപ്പനി നിയന്ത്രണാതീതമായി പടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുവരെ 2500 പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു. 77 പേര്‍ മരണപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ച്ച (ജനുവരി 24) വരെയുള്ള കണക്കാണിത്. ഏറ്റവും അധികം പന്നിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് രാജസ്ഥാനിലാണ്. 1508 കേസുകള്‍. 56 പേര്‍ ഇവിടെ മരണപ്പെടുകയും ചെയ്തു.

ഗുജറാത്ത് ആണ് രണ്ടാം സ്ഥാനത്ത് 438 പേര്‍ക്ക് ഗുജറാത്തില്‍ അസുഖം സ്ഥിരീകരിച്ചു. എട്ട് പേരാണ് മരിച്ചത്. മൂന്നാമത് ഡല്‍ഹിയാണ്. പക്ഷേ, ഇവിടെ ആരും മരിച്ചതായി റിപ്പോര്‍ട്ടുകളില്ല. ഹരിയാനയിലും 272 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ദിനംപ്രതി പന്നിപ്പനി രോഗികളുടെ എണ്ണം ഉയരുന്നത് കൊണ്ട് ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രികളില്‍ പ്രത്യേകം കിടക്കകള്‍ ഒരുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അസുഖം ഗുരുതരമാണെന്ന് ബോധ്യമുള്ള രോഗികളെ വെന്റിലേറ്ററിലേക്ക് മാറ്റണം. എന്‍95 മാസ്‌കുകള്‍, പന്നിപ്പനിക്കുള്ള ഒസെല്‍ടാംവിര്‍ മരുന്ന് എന്നിവ ക്ഷാമംവരാതെ സൂക്ഷിക്കണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും പന്നിപ്പനി നിരവധി പേരുടെ മരണത്തിന് കാരണമായിരുന്നു. 14,992 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 1103 പേര്‍ മരണപ്പെട്ടിരുന്നു.

shortlink

Post Your Comments


Back to top button