ലോകത്തെ 340 കോടി സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളില്‍ ബഹുഭൂരിപക്ഷം പേരും ഫോണില്‍ ഓരോ തവണ നേക്കുമ്‌ബോഴും ടെക്സ്റ്റ് നെക്ക് എന്ന അവസ്ഥ ക്ഷണിച്ചുവരുത്തുന്നവരാണ്.
സ്മാര്‍ട്ട്ഫോണിലേക്ക് നോക്കി തലകുനിച്ചിരിക്കുന്നതു മൂലം നട്ടെല്ലിന് സമ്മര്‍ദ്ദമേല്‍ക്കുകയും ഇതുവഴി കഴുത്തിന്റെ സ്വാഭാവിക വളവില്‍ വ്യതിയാനം സംഭവിക്കുകയും ചെയ്യും. പ്ലോസ് വണ്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനമാണ് സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കള്‍ നേരിടുന്ന ഈ അവസ്ഥ വിവരിച്ചിരിക്കുന്നത്. ചെറുപ്പക്കാരിലാണ് ഈ അവസ്ഥ കൂടുതലായി കാണപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ടെക്സ്റ്റ് നെക്കിന് പുറമേ സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കള്‍ക്ക് പല തരത്തിലുള്ള മസ്‌കുലോസ്‌കെലിറ്റല്‍ തകരാറുകള്‍ ഉണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ കഴുത്ത്, നട്ടെല്ല്, കാലുകള്‍ തുടങ്ങിയവ ശരിയായ രീതിയിലായിരിക്കില്ല എന്നതുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്.
സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കള്‍ ഫോണിലെ സന്ദേശങ്ങളും മറ്റും വായിക്കുമ്പോള്‍ സാധാരണയില്‍ നിന്ന് കൂടുതലായി കഴുത്ത് മുന്നോട്ട് വളയ്ക്കാറുണ്ടെന്നും ചില സമയങ്ങളില്‍ കഴുത്ത് ചരിച്ചുവയ്ക്കുന്നതുവഴി മറ്റ് ശരീരഭാഗങ്ങളും അവയുടെ യഥാര്‍ത്ഥ രീതിയില്‍ നിന്ന് മാറുമെന്നും പഠനത്തില്‍ പറയുന്നു. ഇത് നല്ലെല്ലിന് ചുറ്റുമുള്ള മൃദു കോശങ്ങള്‍ക്ക് അനാവശ്യം സമ്മര്‍ദ്ദം നല്‍കും.
തായ്ലന്‍ഡിലെയും ഓസ്ട്രേലിയയിലേയും ഗവേഷണ സംഘം ഒരുമിച്ച് നടത്തിയ പഠനത്തിലാണ് സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളധികവും ഈ അവസ്ഥയിലേക്ക് നയിക്കപ്പെടുകയാണെന്ന് കണ്ടെത്തിയത്. ദിവസവും എട്ട് മണിക്കൂറോളം ഫോണില്‍ ചിലവഴിക്കുന്ന 18നും 25നുമിടയില്‍ പ്രായമുള്ള 30ഓളം പേരുടെ വിഡിയോ റെക്കോര്‍ഡ് ചെയ്താണ് പഠനം നടത്തിയത്.
ദിവസവും അഞ്ച് മണിക്കൂറിലധികം ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികളിലാണ് മസ്‌കുലോസ്‌കെലിറ്റല്‍ തകരാറുകള്‍ കൂടുതലായി കാണപ്പെടുന്നതെന്ന് പഠനത്തില്‍ പറയുന്നു. പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ ഈ രോഗാവസ്ഥകള്‍ സ്ത്രീകളിലാണ് കാണപ്പെടുന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ഇത്തരം രോഗാവസ്ഥകള്‍ 28ശതമാനം പുരുഷന്‍മാരില്‍ കാണപ്പെടുമ്പോള്‍ ഇത് അനുഭവിക്കുന്ന സ്ത്രീകള്‍ 71ശതമാനത്തോളം പേരാണ്.
Post Your Comments