KeralaLatest News

ആസിഡ് ആക്രമണത്തിന് വിധേയരായ കുടുംബത്തിന് ധനസഹായം

തിരുവനന്തപുരം: ആസിഡ് ആക്രമണത്തിന് വിധേയരായ പിറവം രാമമംഗലം മേമുണ്ട നെയ്ത്ത്ശാലപ്പടി സ്വദേശിനി സ്മിതയുടെയും പെണ്‍മക്കളുടെയും ചികിത്സാ ചെലവിനും മറ്റുമായി അടിയന്തര ധനസഹായമെന്ന നിലയില്‍ വനിതശിശു വികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരം ഒരു ലക്ഷം രൂപയുടെ അടിയന്തര ധനസഹായം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എന്നിവരുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ലാണ് സ്മിതയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് തുക കൈമാറിയത്. കൂടാതെ ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ ഓരോ കുട്ടിയുടേയും പാമ്പാക്കുട ശിശുവികസന പ്രോജക്ട് ഓഫീസറുടെയും പേരില്‍ ഓരോ ജോയിന്റ് അക്കൗണ്ട് തുടങ്ങി ഗുരുതരമായി പരിക്കേറ്റ സ്മിജ എന്ന കുട്ടിക്ക് 2 ലക്ഷം രൂപയും മറ്റ് മൂന്നുകുട്ടികള്‍ക്കും ഓരോ ലക്ഷം രൂപ വീതവും ധനസഹായം കൈമാറും. ഇതിലേയ്ക്കായി അക്കൗണ്ട് തുറക്കുന്നതിന് എറണാകുളം ജില്ലാ ശിശു ക്ഷേമ സമിതിയുടെ ഉത്തരവു പ്രകാരം പാമ്പാക്കുട ശിശുവികസന പ്രോജക്ട് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അനൂപ് ജേക്കബ് എം.എല്‍.എ. ഉന്നയിച്ച സബ്മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.

സ്ത്രീകളുടേയും കുട്ടികളേയും ഉപദ്രവിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ പോലീസ് സ്വീകരിച്ചു വരുന്നുണ്ട്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വകുപ്പുകള്‍ കൂടാതെ ജുവനല്‍ ജസ്റ്റിസ് ആക്ട്, പ്രൊട്ടക്ഷന്‍ ഓഫ് വിമന്‍ ഫ്രം ഡൊമസ്റ്റിക് വയലന്‍സ് ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ കൂടി ചേര്‍ത്താണ് ഇത്തരത്തിലുള്ളവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചുവരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

എറണാകുളത്ത് രാമമംഗലം മേമുണ്ട നെയ്ത്ത്ശാലപ്പടിയില്‍ താമസിക്കുന്ന സ്മിത(35) തന്റെ നാലു കുട്ടികളുമായി ഒറ്റമുറി വാടകവീട്ടില്‍ താമസിച്ച് വരവെയാണ് 17-ാം തീയതി പുലര്‍ച്ചെ 3 മണിക്ക് ആരോ മുറിയുടെ പൊട്ടിയ ജനല്‍ച്ചില്ലിനിടയിലൂടെ ആസിഡ് വീശിയെറിഞ്ഞത്. മൂന്നാമത്തെ കുട്ടിയായ സ്മിജയുടെ മുഖത്ത് ഗുരുതരമായി പൊള്ളലേല്‍ക്കുകയും മറ്റുള്ളവരുടെ ശരീരഭാഗങ്ങളിലും ആസിഡ് വീണ് പൊള്ളലേല്‍ക്കുകയുമുണ്ടായി. നാട്ടുകാര്‍ ഇവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചിരുന്നു.

സ്മിത, കുട്ടികളായ സ്മിജ, നെവിന്‍, സ്മിന, സ്മിനു എന്നിവര്‍ പിറവം താലൂക്കാശുപത്രി അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സ്മിജയെ (12) വിദഗ്ദ്ധ പരിശോധനക്കും ചികിത്സയ്ക്കുമായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. സ്മിജയുടെ മുഖത്തിനും കണ്ണുകള്‍ക്കുമാണ് സാരമായി പൊള്ളലേറ്റത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ സ്മിജ എന്ന കുട്ടിക്ക് ഒഴികെ മറ്റാര്‍ക്കും തുടര്‍ ചികിത്സ ആവശ്യമുള്ളതായി കാണുന്നില്ല. മെഡിക്കല്‍ കോളേജിലും പിറവം താലൂക്കാശുപത്രിയിലും ഇവര്‍ക്ക് ചികിത്സ സൗജന്യമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button