Latest NewsKerala

കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ വിഷുക്കണി ചലഞ്ച്

ബക്കറ്റ് ചാലഞ്ച് മുതല്‍ സാലറി ചാലഞ്ച് വരെ ചലഞ്ചുകളുടെ ലോകത്താണ് നാം ഇപ്പോള്‍. എന്നാല്‍ കൃഷിയെ സ്നേഹിക്കുന്ന ഗൃഹാതുരത്വമുള്ള മലയാളിക്ക് തയ്യാറെടുക്കാവുന്ന ചാലഞ്ചാണ് വിഷുക്കണി ചലഞ്ച്.

ഇന്ന് വിഷുക്കണി ഒരുക്കുന്നതും ഒരു ചലഞ്ചാണ്. പണ്ടുകാലത്ത് സമൃദ്ധിയുടെ പ്രതീകമായി സ്വന്തം പറമ്പിലുണ്ടായ ഫലങ്ങളാണ് വിഷുപ്പുലരിക്ക് കണ്‍കുളിര്‍ക്കെ കണികാണാന്‍ തളികയില്‍ വെച്ചിരുന്നതെങ്കില്‍ ഇന്ന് തളിക നിറയ്ക്കാന്‍ ആപ്പിളും മുന്തിരിയും ഓറഞ്ചും കണിക്കൊന്നയും വരെ പണം കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് പലരും. ഇതിന് സ്വയം ഒരു ഉത്തരം കണ്ടെത്തലാണ് വിഷുക്കണി ചാലഞ്ച്. ഇത്തവണത്തെ വിഷുവിന് സ്വന്തമായി കൃഷി ചെയ്ത് ഉത്പാദിപ്പിച്ച കണിവെള്ളരി വിഷുക്കണി കാണുന്ന ഉരുളിയില്‍ സമര്‍പ്പിക്കുവാന്‍ കഴിയുന്ന ഓരോ മലയാളിയും ഈ ചാലഞ്ചില്‍ വിജയിക്കും. ഈ വിജയം പഴയകാല നന്മകളിലേക്കുള്ള ഒരു തിരിച്ചുപോക്കും കൂടിയാണ്.

ഫെബ്രുവരി ആദ്യവാരം തന്നെ വൈള്ളരി വിത്ത് നടണം. മുടിക്കോട് ലോക്കല്‍ ആണ് വിഷുക്കണിക്ക് ഉപയോഗിക്കുന്ന കണിവെള്ളരി. ജനുവരിയില്‍ തന്നെ വിത്ത് കാര്‍ഷിക സര്‍വകലാശാല, വി.എഫ്.പി.സി.കെയുടെ വിത്ത് വില്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് സമാഹരിക്കണം.

80 ദിവസം ആയുസുള്ള കണിവെള്ളരി നട്ട് 55-60 ദിവസം കൊണ്ട് ആദ്യകായ് പറിക്കാം. നാലോ അഞ്ചോ വിത്തുകള്‍ തലേ ദിവസം നനച്ച് വെച്ച് രാവിലെ ഗ്രോബാഗിലോ കൊത്തിക്കിളച്ച മണ്ണില്‍ 60 സെ.മീ ചുറ്റളവില്‍ 3-4 സെന്റീമീറ്റര്‍ താഴ്ചയില്‍ നടാം. നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ വിത്ത് മുളച്ച് തൈകള്‍ വരും. നടുന്നതിന് ഒരാഴ്ച മുമ്പ് ഒരു ചിരട്ട കുമ്മായം മണ്ണില്‍ ചേര്‍ത്ത് നനച്ചിളക്കണം. രണ്ട് ദിവസങ്ങള്‍ കഴിഞ്ഞ് ജൈവവളങ്ങള്‍ പ്രയോഗിക്കണം. മുളച്ച് പൊന്തിയ തൈകളില്‍ ആരോഗ്യമുള്ള രണ്ടോ മൂന്നോ നിലനിര്‍ത്തി വളപ്രയോഗം നടത്താം. നടുന്ന സമയം, വള്ളി വീശുന്ന സമയം, പൂവിടുന്ന സമയം എന്നിങ്ങനെ വളപ്രയോഗം ചിട്ടപ്പെടുത്താം. നടുന്ന സമയത്ത് ചാണകപ്പൊടി, എല്ലുപൊടി എന്നിവയും പ്രയോഗിക്കാം. വള്ളി വീശുന്ന സമയത്തും പൂവിടുന്ന സമയത്തും കുറഞ്ഞ അളവില്‍ മാത്രം ചാണകപ്പൊടിയും ചാരവും ഇടാം. സ്യൂഡോമോണാസ് പോലുള്ള ജൈവകീടനാശിനികള്‍ 15 ദിവസങ്ങള്‍ ഇടവിട്ട് 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിക്കുന്നത് വളര്‍ച്ച ഉറപ്പു വരുത്തും. കാര്യമായ രോഗകീടബാധ വെള്ളരിക്കൃഷിയെ ബാധിക്കാറില്ല. പുഴുക്കള്‍ക്കും നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ക്കുമെതിരെ ആവശ്യമെങ്കില്‍ വേപ്പ് അധിഷ്ഠിത ജൈവ വസ്തുക്കള്‍ പ്രയോഗിക്കാം.

shortlink

Related Articles

Post Your Comments


Back to top button