കയ്പമംഗലം : മോഷ്ടിക്കപ്പെട്ടു എന്നു കരുതിയ ബോട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ കൊച്ചി കടലില്‍ കണ്ടെത്തി. കയ്പമംഗലം സ്വദേശി കൈതവളപ്പില്‍ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള ഫൈബര്‍ വള്ളമാണ് കഴിഞ്ഞദിവസം പുന്നക്കച്ചാല്‍ ബീച്ചില്‍നിന്നു കാണാതായത്.
തിങ്കളാഴ്ച രാത്രി ഒമ്ബതരവരെ വള്ളം കടലിലുണ്ടായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെ മീന്‍പിടിത്തത്തിനു പോകാനായി നോക്കിയപ്പോഴാണ് വള്ളം കാണാതായത്. രണ്ടുലക്ഷത്തിലധികം രൂപ വിലയുള്ള എന്‍ജിനും വലയും ഉള്‍പ്പെട്ടതായിരുന്നു വള്ളം. നങ്കൂരത്തിന്റെ കയറില്‍നിന്ന് വള്ളം വേര്‍പെടുത്തിക്കൊണ്ടുപോയ നിലയിലായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു.
കൊച്ചി കടലില്‍നിന്നു പടിഞ്ഞാറ് മീന്‍പിടിത്തം നടത്തുകയായിരുന്ന സെന്റ് മാത്യൂസ് എന്ന വള്ളത്തിലെ തൊഴിലാളികള്‍, ഒഴുകിനടക്കുന്ന നിലയില്‍ വള്ളം കണ്ടെത്തി. തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശി റോബിന്‍ ബോസിന്റെ നേതൃത്വത്തിലുള്ള തൊഴിലാളിള്‍ വള്ളം കെട്ടിവലിച്ച് അഴീക്കോട് തീരദേശ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പൊലീസ് ഉടമയ്ക്ക് ബോട്ട് തിരിച്ചു നല്‍കി. ശക്തമായ കാറ്റ് കാരണം കെട്ടിയ കയര്‍ പൊട്ടിപോയതാകാമെന്ന് പൊലീസ് പറഞ്ഞു.
Post Your Comments