എഴുകോണ്‍: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ദമ്പതികൾ മരിച്ചു. കൊല്ലം ജില്ലയിലെ എഴുകോണിലാണ് സംഭവം. അമ്പലത്തുംകാല കാക്കാക്കോട്ടൂര്‍ പാലവിള പുത്തന്‍വീട്ടില്‍ യോഹന്നാന്‍ (60), ഭാര്യ അന്നമ്മ യോഹന്നാന്‍ (57, ലില്ലിക്കുട്ടി) എന്നിവരാണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ 5.30 ഓടെയായിരുന്നു അപകടം.പാചകവാതക സിലിണ്ടറും സ്റ്റൗവും തമ്മില്‍ ബന്ധിപ്പിക്കുന്ന ട്യൂബില്‍ എലി കരണ്ട് ഉണ്ടായ സുഷിരത്തില്‍ കൂടി വാതകം ചോര്‍ന്നതാണ് പൊട്ടിത്തെറി ഉണ്ടാകാൻ കാരണം. അടുക്കളയില്‍ ഗ്യാസിന്റെ ഗന്ധം അനുഭവപ്പെട്ടിട്ടും വേണ്ടത്ര ശ്രദ്ധിക്കാതിരുന്നതും അപകടത്തിന് കാരണമായി.
യോഹന്നാനും അന്നമ്മയും അടുക്കളയില്‍ നിൽക്കുമ്പോഴാണ് അപകടം ഉണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് 3 മണിയോടെ അന്നമ്മയും 6 മണിയോടെ യോഹന്നാനും മരിച്ചു. മകന്‍ ജോമോന്‍ മുകളിലത്തെ നിലയിലായിരുന്നതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു.
Post Your Comments