മാനന്തവാടി: പ്രളയത്തില്‍ തകര്‍ന്ന 6 ഗ്രാമീണ റോഡുകള്‍ക്ക് 60 ലക്ഷം രൂപ റവന്യൂവകുപ്പ് അനുവദിച്ചു. കണിയാരം—കുറ്റിമൂല റോഡ്, കുറ്റിമൂല-പിലാക്കാവ് റോഡ്, അമ്പുകുത്തി—ജെസ്സി റോഡ്, കാറ്റാടി-വരിനിലം റോഡ്, കൈതവള്ളി- –തൃശ്ശിലേരി ക്ഷേത്രം റോഡ്, മാനന്തവാടി—പുഴഞ്ചാല്‍–മുതിരേരി റോഡ് എന്നീ റോഡുകളാണ് പുനരുദ്ധാരണം നടത്തുക. ഓരോ റോഡിനും പത്ത് ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു വിഷയത്തില്‍ റവന്യൂ വകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.
പ്രളയക്കാലത്ത് ജില്ലയിലെ പല ഗ്രാമീണ റോഡുകളും വ്യാപകമായി തകര്‍ന്നിരുന്നു. ഇതില്‍ കൂടുതല്‍ നാശനഷ്ടമുണ്ടായ മേഖലയാണ് മാനന്തവാടി മണ്ഡലം. റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ കാലാവധി 18 മാസമാണ്. നൂറ് കണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ റോഡികളാണിത്. പ്രളയകാലത്തിന് ശേഷം താല്‍ക്കാലിക അറ്റകുറ്റപണികള്‍ നടത്തിയെങ്കിലും പല റോഡുകളിലും യാത്ര ദുഷ്‌കരമായി തുടരുകയായിരുന്നു. 60 ലക്ഷം കൂടി അനുവദിച്ച സാഹചര്യത്തില്‍ റോഡുകളുടെ നവീകരണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
കഴിഞ്ഞദിവസം മാനന്തവാടി മണ്ഡലത്തിലെ കാട്ടിക്കുളം—പനവല്ലി—സര്‍വാണി—അറവനാഴി—-തിരുനെല്ലി അമ്പലം റോഡിന് സെന്‍ട്രല്‍ റോഡ് ഫണ്ടില്‍(സിആര്‍എഫ്) നിന്നും 15 കോടി അനുവദിച്ചിരുന്നു. 13 കിലോമീറ്റര്‍ ദൂരമാണുള്ളത്. കലുങ്കുകളുടെ നിര്‍മാണം, റോഡ് വീതി കൂട്ടല്‍ എന്നിവയെല്ലാം പ്രവൃത്തിയിലുള്‍പ്പെടും. സംസ്ഥാനത്തെ 28 റോഡുകള്‍ക്കാണ് സിആര്‍എഫ് ഫണ്ടില്‍നിന്നും തുക ലഭിച്ചത്. കാട്ടിക്കുളം—പനവല്ലി—സര്‍വാണി—തിരുനെല്ലി റോഡ് പൂര്‍ണമായും ജനവാസമേഖലയിലൂടെയാണ്.
Post Your Comments