![](/wp-content/uploads/2019/01/630461-babri-masjid.jpg)
ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്തതിനു സമീപത്തെ 67 ഏക്കര്‍ തര്‍ക്കരഹിത ഭൂമി അതിന്റെ യഥാര്‍ഥ അവകാശികള്‍ക്ക് തിരിച്ചുകൊടുക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പൊതു തിരഞ്ഞെടുപ്പ് അടുക്കുകയും അയോധ്യയിലെ ഭൂമിതര്‍ക്ക കേസ് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് കേള്‍ക്കാനിരിക്കുകയും ചെയ്യുന്ന അവസരത്തിലാണ് കേന്ദ്രത്തിന്റെ നാടകീയനീക്കം.
നിയമനിര്‍മാണത്തിലൂടെ 1993-ല്‍ കേന്ദ്രം ഏറ്റെടുത്ത അയോധ്യയിലെ 67.703 ഏക്കറില്‍, ബാബറി മസ്ജിദ് നിന്നിരുന്ന 0.313 ഏക്കര്‍ ഒഴികെയുള്ള 67.390 ഏക്കര്‍ അതിന്റെ ഉടമകള്‍ക്ക് നല്‍കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. സര്‍ക്കാര്‍ രക്ഷാധികാരിയായി ഏറ്റെടുത്ത ഭൂമിയില്‍ തത്;സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി 2003-ല്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ടാണ് കേന്ദ്രം ചൊവ്വാഴ്ച സുപ്രീംകോടതിയെ സമീപിച്ചത്. അയോധ്യയിലെ 67 ഏക്കറില്‍ 42 ഏക്കര്‍ രാമ ജന്‍മഭൂമി ന്യാസിന്റേതാണ്.
ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലവും പരിസരവുമുള്‍പ്പെടെ 2.77 ഏക്കര്‍ ഭൂമി മൂന്നായി വിഭജിച്ച് നല്‍കിക്കൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളാണ് സുപ്രീംകോടതിക്ക് മുമ്പാകെയുള്ളത്. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഢ, രാം ലല്ല എന്നിവയ്ക്കാണ് ഹൈക്കോടതി ഭൂമി തുല്യമായി വീതിച്ചു നല്‍കിയത്. ഈ സ്ഥലവും 67 ഏക്കറില്‍ ഉള്‍പ്പെടുന്നതാണ്. തര്‍ക്കരഹിതമായ 67.390 ഏക്കര്‍ ലഭിച്ചാല്‍ മാത്രമേ കേസില്‍ ജയിക്കുന്നവര്‍ക്ക് തര്‍ക്കഭൂമിയിലേക്കെത്താന്‍ എത്ര സ്ഥലം വരെ ആവശ്യമാകുമെന്ന് കണ്ടെത്താനാകൂവെന്ന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 33 പേജുള്ള അപേക്ഷയില്‍ ചൂണ്ടിക്കാട്ടി.
തത്സ്ഥിതി തുടരാന്‍ ആവശ്യപ്പെടുന്ന 2003 മാര്‍ച്ച് 31-ലെ സുപ്രീംകോടതി ഉത്തരവ് തര്‍ക്കഭൂമിയില്‍ മാത്രം ഒതുങ്ങാതെ, അതിന് പരിസരത്തെ മുഴുവന്‍ സ്ഥലത്തേയും ഉള്‍പ്പെടുത്തുന്നതാണ്. യഥാര്‍ഥ ഉടമകള്‍ക്ക് ഭൂമി തിരിച്ചു നല്‍കുന്നതില്‍ കുഴപ്പമില്ലെന്ന് ഇസ്മായീല്‍ ഫാറൂഖി കേസില്‍ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നതും കേന്ദ്രം ചൂണ്ടിക്കാട്ടി. തര്‍ക്കഭൂമി ഒഴിച്ചുള്ള സ്ഥലം യഥാര്‍ഥ ഉടമകള്‍ക്ക് മടക്കിനല്‍കണമെന്ന് രാമ ജന്മഭൂമി ന്യാസ് ആവശ്യപ്പെട്ടതായും കേന്ദ്രത്തിന്റെ ഹര്‍ജിയില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് അയോധ്യയിലെ തര്‍ക്കഭൂമി കേസ് കേള്‍ക്കുന്നത്. കേസ് ചൊവ്വാഴ്ച പരിഗണിക്കാന്‍വെച്ചിരുന്നെങ്കിലും ബെഞ്ചിലെ ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അവധിയായതിനാല്‍ നടന്നില്ല.
Post Your Comments