കൊച്ചി: ഏഴര ടണ്‍ വരെ ഭാരമുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാനുളള യോഗ്യത സംബന്ധിച്ച് പുതിയ നിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി. ഇതനുസരിച്ച് ലൈറ്റ് മോട്ടോര്‍ വാഹന (എല്‍എംവി) ലൈസന്‍സ് ഉള്ളവര്‍ക്ക് ഇത്തരം വാഹബനങ്ങള്‍ ഓടിക്കാന്‍ എട്ടാംക്ലാസ് യോഗ്യത ആവശ്യമില്ലെന്ന് കോടതി ഉത്തരവിട്ടു. ഒരുകൂട്ടം ഡ്രൈവര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. എല്‍എംവി ലൈസന്‍സ് ഉണ്ടായിട്ടും എട്ടാം ക്ലാസ് യോഗ്യത ഇല്ലാത്തതിനാല്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാനുള്ള അംഗീകാരത്തിന് അപേക്ഷിക്കാനാവില്ലെന്ന അധികൃതരുടെ നിലപാടിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്റേതാണ് ഉത്തരവ്.
തിരൂര്‍ ആര്‍ടിഒ ഓഫിസില്‍നിന്നു ലൈസന്‍സ് എടുത്തവരാണു ഹര്‍ജിക്കാര്‍. മോട്ടോര്‍ വാഹനച്ചട്ടത്തിലെ ആറാം വകുപ്പനുസരിച്ച് നാലാം ക്ലാസ് പഠനവും ലൈറ്റ് മോട്ടോര്‍ വാഹനമോടിച്ച് ഒരു വര്‍ഷത്തെ പരിചയവും ഉള്ളവര്‍ക്കു ട്രാന്‍സ്പോര്‍ട്ട് വാഹനം ഓടിക്കാമെന്നുമായിരുന്നു ഇവരുടെ വാദം. യോഗ്യതയുണ്ടായിട്ടും അനുമതി നിഷേധിക്കാന്‍ ഇങ്ങനെയൊരു വിദ്യാഭ്യാസയോഗ്യത നിഷ്‌കര്‍ഷിക്കുന്നതില്‍ ന്യായീകരണമില്ലെന്നായിരുന്നു ഹര്‍ജിക്കാര്‍ പറഞ്ഞു.
പൊതുഗതാഗതവാഹനം, ചരക്കുവാഹനം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനം, സ്വകാര്യ സര്‍വീസ് വാഹനം തുടങ്ങിയ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളെ പല വിഭാഗങ്ങളായി തിരിച്ച് നിലനിര്‍ത്തിയിരുന്ന രീതി 1994ല്‍ നീക്കം ചെയ്തിരുന്നു.
എല്‍എംവി ലൈസന്‍സ് ഉള്ളവര്‍ക്ക് ആ വിഭാഗത്തിലെ ഏഴര ടണ്‍ വരെ ഭാരമുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഉള്‍പ്പെടെ ഓടിക്കാമെന്നു ‘മുകുന്ദ് ദേവാംഗന്‍’ കേസില്‍ സുപ്രീം കോടതി തീരുമാനത്തെ ചൂണ്ടിക്കാട്ടിയായിരുന്നു പുതിയ ഉത്തരവ്. കൂടാതെ ഓട്ടോറിക്ഷ, ടാക്സി, മിനി ബസ്, വലിയ ടാക്സികാറുകള്‍, ചെറിയ ടിപ്പറുകള്‍ തുടങ്ങിയവയെല്ലാം ചെറിയ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ ബാഡ്ജ് വേണ്ടെന്നുള്ള സുപ്രീം കോടതി ഉത്തരവും ഹര്‍ജികാര്‍ക്ക് അനുകൂല വിധി നേടാന്‍ സഹായകമായി.
Post Your Comments