ദുബായ്: പറഞ്ഞുറപ്പിച്ച പണം നല്‍കാത്ത ഇടപാടുകാരനെതിരെ പരാതിയുമായി ദുബായില്‍ ലൈംഗിക തൊഴിലാളി പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് വിവാഹേതര ലൈംഗിക ബന്ധത്തിനും മദ്യപാനത്തിനും ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി. 25 കാരനായ സൗദി പൗരനെതിരെ 22 വയസുള്ള മൊറോക്കോ പൗരയായ യുവതിയാണ് പൊലീസിനെ സമീപിച്ചത്. വേശ്യാവൃത്തി നടത്തിയതിന് യുവതിക്ക് കോടതി ഒരു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു.
ഒക്ടോബര്‍ 12നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അല്‍ ഖുസൈസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സൗദിയില്‍ നിന്ന് സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയ 25കാരന്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് വനിതാ ഏജന്റുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് വാട്സ്ആപില്‍ നിരവധി യുവതികളുടെ ചിത്രങ്ങള്‍ ഇയാള്‍ക്ക് അയച്ചുകൊടുത്തു. ഇതില്‍ നിന്നാണ് മൊറോക്കോ പൗരയായ 22കാരിയെ ഇയാള്‍ തെരഞ്ഞെടുത്തത്. 1,200 ദിര്‍ഹം നല്‍കണമെന്നായിരുന്നു ഏജന്റായ സ്ത്രീ ആവശ്യപ്പെട്ടത്. ഇത് നല്‍കാമെന്ന് ഇയാള്‍ സമ്മതിച്ചു.
വാട്സ്ആപ് യുവതിയുമായും ഇയാള്‍ ബന്ധപ്പെട്ടിരുന്നു. ഇതനുസരിച്ച് രാത്രി 10.30ഓടെ ഇയാള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ യുവതി എത്തി. ഇരുവരും മദ്യപിക്കുകയും ചെയ്തു. പുലര്‍ച്ചെ മൂന്ന് മണിയോടെ 600 ദിര്‍ഹം നല്‍കി യുവതിയെ പറഞ്ഞയക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. മുഴുവന്‍ പണവും വേണമെന്ന് യുവതി പറഞ്ഞപ്പോള്‍ താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും അതുകൊണ്ട് മുഴുവന്‍ പണം നല്‍കില്ലെന്നും ഇയാള്‍ ശഠിച്ചു. ഇരുവരും തര്‍ക്കമായതോടെ യുവതി ഹോട്ടലിലെ റിസപ്ഷനിലെത്തി ജീവനക്കാരോട് പരാതി പറഞ്ഞു. ഇവര്‍ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന് യുവാവും മദ്യപിച്ചുവെന്ന് യുവതിയും സമ്മതിച്ചു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്ത് പരിശോധിച്ചു. രാത്രി 12.48 മുതല്‍ മൂന്ന് മണി വരെ പകര്‍ത്തിയ ദൃശ്യങ്ങള്‍ രണ്ട് ഫോണുകളിലുമുണ്ടായിരുന്നു. തുടര്‍ന്ന് മേല്‍നടപടികള്‍ക്കായി ഇരുവരെയും പൊലീസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വിചാരണയ്ക്കൊടുവില്‍ വേശ്യാവൃത്തി നടത്തിയതിന് ഒരു വര്‍ഷത്തെ തടവ് ശിക്ഷയാണ് യുവതിക്ക് ലഭിച്ചത്. ഇവര്‍ക്ക് 15 ദിവസത്തിനകം അപ്പീല്‍ നല്‍കാനാവും.
Post Your Comments