തൊടുപുഴ: തൊടുപുഴ – പാലാ റോഡില്‍ നെല്ലാപ്പാറ കുരിശുപള്ളി വളവില്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ കെഎസ്ആര്‍ടിസി ബസ് തേക്ക് മരത്തില്‍ തട്ടി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കൊക്കയിലേക്കു പതിക്കാനായി റോഡില്‍ നിന്നു 10 മീറ്ററോളം തെന്നി മാറിയെങ്കിലും തേക്കു മരത്തില്‍ മുന്‍ഭാഗം ഇടിച്ചു തകര്‍ന്നു. കണ്ടക്ടര്‍ ജോര്‍ജ് മാത്യുവും ഡ്രൈവര്‍ ഷിഹാബും പിന്നാലെ വന്ന ബസിലെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്നു പിന്‍ഭാഗത്തെ വാതിലിലൂടെ യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു.
ഇതിനിടെ മരത്തില്‍ തട്ടി നിന്ന ബസ് ഇടയ്ക്ക് ചലിച്ചത് യാത്രക്കാരെ കൂടുതല്‍ ഭീതിയിലാക്കി. യാത്രക്കാര്‍ ഭയന്ന് നിലവിളിച്ചു. ബസില്‍ 19 യാത്രികരാണുണ്ടായിരുന്നത്. ആര്‍ക്കും പരുക്കില്ല. കോട്ടയത്തു നിന്നു തൊടുപുഴയിലേക്കു വരികയായിരുന്ന പാലാ ഡിപ്പോയുടെ ചെയിന്‍ സര്‍വീസ് ബസാണ് അപകടത്തില്‍പ്പെട്ടത്. കുന്നിന്‍ ചെരിവായ ഇവിടെ റോഡിന്റെ സംരക്ഷണ ഭിത്തിയില്‍ നിന്ന് 25 അടിയിലേറെ താഴ്ചയുണ്ട്. ബസ് താഴേക്ക് പതിച്ചാല്‍ ദുരന്തത്തിന്റെ തീവ്രത എത്രമാത്രമാണെന്ന് പറയാന്‍ സാധിക്കുമായിരുന്നില്ല. കുന്നില്‍ നിന്നു ബസ് ഉരുണ്ടാല്‍ 300 അടിയോളം താഴെയുള്ള റോഡിലോ തോട്ടിലോ പതിക്കുമായിരുന്നു.
കുരിശുപള്ളി വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്ന് ഡ്രൈവര്‍ കങ്ങഴ സ്വദേശി ഷിഹാബ് പറഞ്ഞു.അത്ഭുതകരമായി രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് യാത്രക്കാരും ബസ് ജീവനക്കാരും.
Post Your Comments