ആലപ്പുഴ: സംസ്ഥാനത്ത് ഇന്നലെ രണ്ടിടങ്ങളിലുണ്ടായ അപകടങ്ങളില്‍ എസ്ഐയും യുവാവും മരിച്ചത് ഏറെ നേരം സഹായം ലഭിക്കാതെ ചോരവാര്‍ന്ന്. കൈനടി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആലപ്പുഴ വാടയ്ക്കല്‍ ആഞ്ഞിലിപ്പറമ്പില്‍ എ.ജെ.ജോസഫ് (55), ആലപ്പുഴ വഴിച്ചേരി സെന്റ് ജോസഫ്സ് സ്ട്രീറ്റ് ശ്യാം നിവാസില്‍ പരേതനായ ഷാജി ഫ്രാന്‍സിസിന്റെ മകന് ശ്യാം ഷാജി (21) എന്നിവരാണ് ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ ഉണ്ടായ അപകടങ്ങളില്‍ മരിച്ചത്. എന്നാല്‍ അപകടത്തില്‍ പരിക്കേറ്റ് ഇവര്‍ ഏറെ നേരം റോഡില്‍ കിടന്നെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല.
ഹൈവേ പെട്രോളിങ് സംഘത്തിലെ ഗ്രേഡ് എസ്ഐ ആയ ജോസഫ് റോഡപകടങ്ങളില്‍ നിരവധി ജീവനുകള്‍ രക്ഷിച്ചിച്ചുണ്ട്. എന്നാല്‍ അദ്ദേഹം ബൈക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടപ്പോള്‍ അരമണിക്കൂറോളം ആരും തിരിഞ്ഞു നോക്കിയില്ല.
ഇന്നലെ ഉച്ചയ്ക്ക് 2.30ന് പള്ളിക്കൂട്ടുമ്മ ജംഗ്ഷനിലെ അപകടത്തിലാണ് ജോസഫ് മരിച്ചത്. അതേസമയം സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞതാണോ മറ്റേതെങ്കിലും വാഹനം ഇടിച്ചിട്ടതാണോ എന്നതിനെപ്പറ്റി വ്യക്തമായിട്ടില്ലെന്ന് രാമങ്കരി പൊലീസ് പറഞ്ഞു. പരിക്കേറ്റ് ചോര വാര്‍ന്ന് റോഡില്‍ കിടന്ന ജോസഫിനെ ആശുപത്രിയിലെത്തിക്കാന്‍ അതുവഴി പോയ യാത്രക്കാര്‍ ആരും തയ്യാറായില്ലെന്ന് പൊലീസ് പറഞ്ഞു.ജോസഫ് 15 മിനിട്ടോളം റോഡില്‍ കിടന്നു.യൂണിഫോം ധരിക്കാത്തതിനാല്‍ പൊലീസാണെന്നും ആരും തിരിച്ചറിഞ്ഞില്ല.ഇതുവഴി ബൈക്കില്‍ വന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനാണ് ജോസഫിനെ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലും എത്തിച്ചത്. വൈകിട്ട് അഞ്ചോടെ മരിച്ചു.
ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും വീഴ്ചയുടെ ആഘാതത്തില്‍ ആന്തരിക രക്തസ്രാവമുണ്ടായതാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എ.സി റോഡിലെ ഹൈവേ പൊലീസ് സംഘത്തിലെയും അംഗമായ ജോസഫ് ശനിയാഴ്ച രാവിലെ ജോലി കഴിഞ്ഞ് ഇറങ്ങിയിരുന്നു. ഇന്നലെ അവധിലായിരുന്ന ജോസഫ് സ്കൂട്ടറില്‍ കൈനടിക്ക് പോയി തിരിച്ച് വീട്ടിലേക്ക് വരും വഴിയായിരുന്നു അപകടം. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ : റിനി. മക്കള്‍ : കൃപ (മൂന്നാം വര്‍ഷ ബി.എസ് സി നഴ്സിംഗ് വിദ്യാര്‍ത്ഥിനി, എസ്എച്ച് കോളേജ് മതിലകം ചേര്‍ത്തല), സ്നേഹ (ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനി, കാര്‍മ്മല്‍ കോളേജ്, മുഹമ്മ), ജീവന് (ആറാം ക്ലാസ് വിദ്യാര്‍ത്ഥി, ലിയോ തേര്ട്ടീന്ത് സ്കൂള്‍, ആലപ്പുഴ).
ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ത്തന്നെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.30 നു കൈതന ജംക്ഷനിലായിരുന്നു ശ്യാമിന്റെ മരണകാരണമായ അപകടം. പുന്നമടയിലെ റിസോര്‍ട്ടിലെ ഷെഫുമാരായ ശ്യാമും പൂച്ചാക്കല്‍ സ്വദേശി മിഥുനും ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു. ഗള്‍ഫിലേക്കു പോകുന്ന മറ്റൊരു സുഹൃത്തിനെ യാത്രയാക്കാന്‍ കളര്‍കോടുള്ള വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. മിഥുന് (19) പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്കൂട്ടര്‍ ഓടിച്ചിരുന്നത് ശ്യാം ആയിരുന്നു. വഴിവിളക്കില്ലാത്ത ജംക്ഷനില്‍ തിരിയുന്നതിനിടെ ദേശീയപാതയിലേക്കു വന്ന ലോറി ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. എന്നാല്‍ ചോരയില്‍ കുളിച്ച് 10 മിനിറ്റിലേറെ ശ്യാം റോഡില്ക്കിടന്നിട്ടും ആരും വാഹനങ്ങള്‍ നിര്‍ത്തിയില്ല. തുടര്‍ന്ന് പിന്നാലെ വന്ന സുഹൃത്തുക്കള്‍ കാര്‍ തടഞ്ഞുനിര്‍ത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രാവിലെ 7 നു മരിച്ചു. അമ്മ: ലത. സഹോദരി: ഗീതു. ശ്യാമിനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ലോറിയും ഡ്രൈവറും പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
Post Your Comments