കുട്ടനാട് : ആലപ്പുഴ – ചങ്ങനാശേരി എ.സി റോഡിലുണ്ടായ സ്കൂട്ടര്‍ അപകടത്തില്‍ കൈനടി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മരിച്ചു. ആലപ്പുഴ വാടയ്ക്കല്‍ ആഞ്ഞിലിപ്പറമ്ബില് എ.ജെ.ജോസഫാണ് (55) മരിച്ചത് .
ഇന്നലെ ഉച്ചയ്ക്ക് 2.30ന് പള്ളിക്കൂട്ടുമ്മ ജംഗ്ഷനിലായിരുന്നു അപകടം. അതേസമയം സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞതാണോ മറ്റേതെങ്കിലും വാഹനം ഇടിച്ചിട്ടതാണോ എന്നതിനെപ്പറ്റി വ്യക്തമായിട്ടില്ലെന്ന് രാമങ്കരി പൊലീസ് പറഞ്ഞു.ആള്‍തിരക്ക് കുറഞ്ഞ ജംഗ്ഷനായതിനാല്‍ ദൃക്സാക്ഷികളാരും ഉണ്ടായിരുന്നില്ല.
പരിക്കേറ്റ് ചോര വാര്‍ന്ന് റോഡില്‍ കിടന്ന ജോസഫിനെ ആശുപത്രിയിലെത്തിക്കാന്‍ അതുവഴി പോയ യാത്രക്കാര്‍ ആരും തയ്യാറായില്ലെന്ന് പൊലീസ് പറഞ്ഞു.ജോസഫ് 15 മിനിട്ടോളം റോഡില്‍ കിടന്നു.യൂണിഫോം ധരിക്കാത്തതിനാല്‍ പൊലീസാണെന്നും ആരും തിരിച്ചറിഞ്ഞില്ല.ഇതുവഴി ബൈക്കില്‍ വന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനാണ് ജോസഫിനെ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലും എത്തിച്ചത്. വൈകിട്ട് അഞ്ചോടെ മരിച്ചു.
ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും വീഴ്ചയുടെ ആഘാതത്തില്‍ ആന്തരിക രക്തസ്രാവമുണ്ടായതാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എ.സി റോഡിലെ ഹൈവേ പൊലീസ് സംഘത്തിലെയും അംഗമായ ജോസഫ് ശനിയാഴ്ച രാവിലെ ജോലി കഴിഞ്ഞ് ഇറങ്ങിയിരുന്നു. ഇന്നലെ അവധിലായിരുന്ന ജോസഫ് സ്കൂട്ടറില്‍ കൈനടിക്ക് പോയി തിരിച്ച് വീട്ടിലേക്ക് വരും വഴിയായിരുന്നു അപകടം. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ : റിനി. മക്കള്‍ : കൃപ (മൂന്നാം വര്‍ഷ ബി.എസ് സി നഴ്സിംഗ് വിദ്യാര്‍ത്ഥിനി, എസ്എച്ച് കോളേജ് മതിലകം ചേര്‍ത്തല), സ്നേഹ (ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനി, കാര്‍മ്മല്‍ കോളേജ്, മുഹമ്മ), ജീവന് (ആറാം ക്ലാസ് വിദ്യാര്‍ത്ഥി, ലിയോ തേര്ട്ടീന്ത് സ്കൂള്‍, ആലപ്പുഴ).
Post Your Comments