വിവാഹ മോചിതർക്കായി കേരളത്തിൽ ആരംഭിച്ച വിവാഹവെബ്സൈറ്റുകളിലൂടെ വിവാഹിതരായ സ്ത്രീകൾ തട്ടിപ്പുകൾക്കിരയാവുന്ന പ്രവണത ഏറുന്നതായി വനിതാ കമ്മീഷന്റെ വിലയിരുത്തൽ. കമ്മീഷനു മുമ്പിൽ ഇത്തരം കേസുകൾ കൂടുകയാണെന്നും അതിനാൽ ഇത്തരത്തിൽ വിവാഹം നടത്തുന്നതിനു മുമ്പ് സമൂഹം ജാഗ്രത പാലിക്കണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ എം. സി. ജോസഫെയ്ൻ പറഞ്ഞു.
എറണാകുളത്ത് കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച അദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം സി. ജോസഫെയ്ൻ. രണ്ടാമതും മൂന്നാമതും ഈ വെബ്സൈറ്റ്കൾ വഴി വിവാഹിതരായ സ്ത്രീകളുടെ പണവും സ്വർണവും തട്ടിയെടുക്കപ്പെടുകയാണ്. രണ്ടാം വിവാഹമായതിനാൽ പലരും അന്വേഷിക്കാതെയാണ് വിവാഹബന്ധങ്ങളിലെത്തുന്നത്. ഇത് തട്ടിപ്പുകാർ മുതലെടുക്കുകയാണ്. സാമുദായികാടിസ്ഥാനത്തിലും വിവാഹങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലുമാണ് ഇപ്പോൾ വിവാഹ ബ്യൂറോ കളും വെബ്സൈറ്റുകളും പ്രവർത്തിക്കുന്നത്. ഇതിനു പിന്നിൽ മാഫിയാ സാന്നിധ്യം ഉണ്ടാകാമെന്നും ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.
വ്യത്യസ്തമായ കേസുകൾ ആണ് കമ്മീഷനു മുന്നിലെത്തിയത്. ഭർത്താവിന്റെ കൂട്ടുകാർ തന്റെ അശ്ളീല വീഡിയോ സാമൂഹ്യ മാധ്യമ ങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പോലീസിനോട് റിപ്പോർട്ട് തേടാൻ കമ്മീഷൻ തിരുമാനിച്ചു. കേസിലെ പ്രതികൾ ജാമ്യത്തിലാണ്. വീടിനകത്ത് സുഹൃത്തുക്കൾക്ക് സ്വതന്ത്രമായി പ്രവേശനം കൊടുത്ത ഭർത്താവിനെ കമ്മീഷൻ താക്കീത് ചെയ്തു.
സെവൻത്ഡേ സ്ക്കൂളിലെ അധ്യാപികയുടെ പരാതിയിൽ സ്ക്കൂളിനോട് ഐസിസി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ റിപ്പോർട്ട് തേടാൻ കമ്മീഷൻ തിരുമാനിച്ചു. സഹോദരീസഹോദരൻമാർ തമ്മിലുള്ള തർക്കങ്ങളും കമ്മീഷനു മുന്നിലെത്തി. അദാലത്തിൽ ആകെ 91 കേസുകൾ പരിഗണിച്ചു.22 എണ്ണം തീർപ്പാക്കി. 17 എണ്ണത്തിൽ റിപ്പോർട്ട് തേടി. ഏഴെണ്ണം കൗൺസലിംഗ് നടത്തി. 45 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റി വെച്ചു.
Post Your Comments