ഇടുക്കി : ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങി മരിച്ചു. കുമളിയിൽ വാളാർഡിക്ക് സമീപം മേൽപരട്ടിലെ കുറ്റിക്കാട്ടിൽ ഓട്ടോ ഡ്രൈവറായ സെന്തിൽ കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ വാളാർഡി സ്വദേശി ഗുരുസ്വാമിയാണ് വീടിന് സമീപം തൂങ്ങി മരിച്ചത്. ഇന്നലെ വൈകിട്ടാണ് സെന്തിൽ കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. സെന്തിൽകുമാർ കടമായി നൽകിയ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ തിരികെ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. സെന്തിലിന്റെ കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്
കടം കൊടുത്ത പണം തിരികെ വാങ്ങാൻ ബന്ധുവായ ഗുരുസ്വാമിയുടെ അടുത്തേക്ക് പോയ സെന്തിലിനെ കാണാതായതോടെ പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലാണ് ഗുരുസ്വാമിയുടെ വീടിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. മൽപിടുത്തത്തിന്റെ സൂചനകളും രക്തക്കറയും സംഭവസ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചു. സംഭവത്തിന് ശേഷം ഗുരുസ്വാമിയെ കാണാതായി. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇയാൾ വീടിന് സമീപത്ത് തന്നെ ഉണ്ടെന്ന് വ്യക്തമാവുകയും തുടർന്ന് നടത്തിയ തെരച്ചിലിൽ ഗുരുസ്വാമിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു
Post Your Comments