കൊച്ചി: രാജ്യരക്ഷയ്ക്കുവേണ്ടിയുള്ള തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്ന ജാഗ്രതയോടെ വേണം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സമീപിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മതനിരപേക്ഷതയും സാമ്പത്തിക പരമാധികാരവും ജനാധിപത്യഘടനയും തകര്‍ക്കപ്പെടുമ്പോള്‍ രാജ്യത്തിന്റെ നിലനില്‍പ്പിനെക്കുറിച്ച് ആശങ്കകളുയരുകയാണ്. അടുത്ത അഞ്ചുവര്‍ഷംകൂടി ബിജെപിക്ക് രാജ്യത്തെ വിട്ടുകൊടുത്താല്‍ ഈ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ഇല്ലാതാകുമെന്ന ബോധ്യത്തോടെ തെരഞ്ഞെടുപ്പിനെ സമീപിക്കാന്‍ ഓരോ പൗരനും ബാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റിയും ഇ എം എസ് പഠന ഗവേഷണകേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിച്ച ജനകീയ ഉച്ചകോടിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതര രാഷ്ട്രത്തെ തകര്‍ത്ത് മതാധിഷ്ഠിത രാജ്യം കെട്ടിപ്പടുക്കാനുള്ള ആര്‍എസ്എസ് അജന്‍ഡ രാജ്യത്ത് നടപ്പാക്കാനാണ് ശ്രമം. പാര്‍ലമെന്ററി ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു. പകരം വര്‍ഗീയാധിഷ്ഠിത സംവിധാനം കൊണ്ടുവരാന്‍ തുടര്‍ച്ചയായി ശ്രമിക്കുന്നു. ഭരണഘടനയുടെ നിലനില്‍പ്പ് ചോദ്യംചെയ്യുന്ന ഇവര്‍ രാഷ്ട്രപതി ഭരണം വേണമെന്നാണ് പ്രചരിപ്പിക്കുന്നത്.
ന്യൂനപക്ഷങ്ങള്‍ വലിയതോതില്‍ ആക്രമിക്കപ്പെടുന്നു. ഒരോ 18 മിനിറ്റിലും ഒരു ദളിതന്‍ ആക്രമിക്കപ്പെടുന്നു. പ്രതിദിനം മൂന്ന് ദളിത് സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു. രണ്ട് ദളിതര്‍ കൊല്ലപ്പെടുന്നു. ക്രൈസ്തവ, ഇസ്ലാമിക സമൂഹം കടുത്ത ആശങ്കയിലാണ്. വേഷത്തില്‍ ഇസ്ലാമാണെന്നു കണ്ടാല്‍ അവന്‍ അടിയേറ്റ് കൊല്ലപ്പെടുമെന്ന അവസ്ഥയായി. ഇത്തരം ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരെ ശക്തമായ പൊതുവികാരം ഉയരണം. ഓരോ സംസ്ഥാനത്തും ബിജെപിക്കെതിരെ നിലയുറപ്പിക്കാന്‍ കഴിയുന്ന വിവിധ പ്രാദേശിക പാര്‍ടികളുടെ കൂട്ടായ്മകളുണ്ടാകണം. അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ വലിയ വിജയം കൊയ്യാനാകും. ഇത് ദേശീയ രാഷ്ട്രീയത്തില്‍ വലിയ പ്രതിഫലനമുണ്ടാക്കും.
സര്‍വ്വതല സ്പര്‍ശിയായ വികസന ബദല്‍നയം കാഴചവെക്കുന്നതിനാല്‍ ഇടതുപക്ഷത്തെ ബിജെപി കണ്ണിലെ കരടായാണ് കാണുന്നത്. ഫെഡറല്‍ സംവിധാന മര്യാദപോലും കേരളത്തിന് ലഭിക്കുന്നില്ല. ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ബദല്‍ രാഷ്ട്രീയത്തിന് രാജ്യമാകെ സ്വീകാര്യത കിട്ടണമെങ്കില്‍ ദേശീയ രാഷ്ട്രീയത്തില്‍ ഇടതുസാന്നിധ്യം വര്‍ധിപ്പിക്കണം. കേരളത്തിന് ഇക്കാര്യത്തില്‍ വലിയതോതില്‍ ഇടപെടാനാകും. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്ന് ഉറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. അതിനുള്ള ജനകീയ ഇടപെടലുകളാണ് രാജ്യം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments