ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കോണ്‍സ്റ്റബിളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഞായറാഴ്ച്ച ബച്ചാരന്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ വരുന്ന ഇന്ദ്രപുര്‍ ഗ്രാമത്തില്‍ പൊലീസും ഗുണ്ടകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു കോണ്‍സ്റ്റബിളും ഒരു ഗുണ്ടയും മരിച്ചിരുന്നു.
കൊല്ലപ്പെട്ട കോണ്‍സ്റ്റബിള്‍ ഹര്‍ഷ് ചൗധരിയുടെ കുടുംബത്തിനാണ് യോഗി സര്‍ക്കാരിന്റെ സാമ്പത്തിക സഹായം. നാല്‍പ്പത് ലക്ഷം രൂപ ചൗധരിയുടെ ഭാര്യക്കും പത്ത് ലക്ഷം രൂപ മാതാപിതാക്കള്‍ക്കുമാണ് യോഗി ആദിത്യനാഥ് നല്‍കുന്നത്. ഇത് കൂടാതെ ചൗധരിയുടെ കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും ലഭിക്കും.
അഹ്റേഹാ ജില്ലയിലെ ബച്ചാവോണില്‍ ഒരു കുറ്റവാളിയെ തിരഞ്ഞെത്തിയപ്പോഴാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ആനന്ദ് കുമാര്‍ പറഞ്ഞു. പ്രതിയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ഹര്‍ഷ് ചൗധരിയെ ഉടന്‍ തന്നെ മൊറാദാബാദിലെ ടി എം യു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
Post Your Comments