KeralaLatest News

ചൈത്രാ തെരേസാ ജോണിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട്: മേലുദ്യോഗസ്ഥരുടെ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം: സിപിഎം ജില്ലാ ഓഫീസ് റെയ്ഡ് സംഭവത്തില്‍ ഡിസിപി ചൈത്രാ തെരേസാ ജോണിനെതിരെ നടപടിക്ക് ശുപാര്‍ശയില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച എഡിജിപി മനോജ് എബ്രഹാം ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. ഹൈദരാബാദിലേക്ക് പരിശീലനത്തിനായി തിരിക്കും മുന്‍പാണ് എഡിജിപി തന്റെ അന്വേഷണറിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയത്.

റെയ്ഡില്‍ നിയമപരമായി തെറ്റില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറി റെയ്ഡ് നടത്തുമ്പോള്‍ അല്‍പം കൂടി ജാഗ്രത ഡിസിപി കാണിക്കണമായിരുന്നുവെന്ന് എഡിജിപി പരമാര്‍ശിച്ചിട്ടുണ്ട്. പത്ത് മിനിറ്റോളം ഡിസിപിയും സംഘവും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ ചിലവിട്ടു. ഏതെങ്കിലും തരത്തില്‍ ബലപ്രയോഗമോ സംഘര്‍ഷമോ പോലീസ് സൃഷ്ടിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റെയ്ഡിന്റെ വിശദാംശങ്ങള്‍ ഡിസിപി അടുത്ത ദിവസം തന്നെ കോടതിയെ അറിയിച്ചെന്നും എഡിജിപി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

യാതൊരു തുടര്‍നടപടിയും ശുപാര്‍ശ ചെയ്യാതെയാണ് എഡിജിപി മനോജ് എബ്രഹാം റിപ്പോര്‍ട്ട് ഡിജിപിക്ക് നല്‍കിയത് എന്നാണ് സൂചന. റിപ്പോര്‍ട്ടില്‍ ഇനി എന്ത് വേണമെന്ന കാര്യം ഡിജിപിയാവും തീരുമാനിക്കുക. നിയമപരമായി ചൈത്ര തെരേസ ജോണിന്റെ നടപടികളില്‍ തെറ്റുകളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓഫീസ് റെയ്ഡ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് ചൈത്രയും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരും എഡിജിപിയെ അറിയിച്ചിട്ടുണ്ട്. ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്തിട്ട് പ്രതികളെ കണ്ടെത്താനായില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം എന്തായാരിക്കുമെന്ന് മൂന്‍കൂട്ടി കാണുന്നതില്‍ ഡിസിപിക്ക് വീഴ്ച്ച പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button