തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തിലും ഷൂസിലും സോക്‌സിലുമായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 22 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളുമായി യാത്രക്കാരന്‍ പിടിയില്‍. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി മുഹമ്മദ് ഹിഷാമി(25) നെയാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. 662 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്.
ഞായറാഴ്ച രാവിലെ ഷാര്‍ജയില്‍ നിന്നു തിരുവനന്തപുരത്ത് എത്തിയ എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍. മെറ്റല്‍ഡിറ്റക്ടര്‍ സംവിധാനത്തിലൂടെ പുറത്തേക്ക് കടക്കുന്നതിനിടെ ബീപ്പ് ശബ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് എയര്‍കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇയാളെ പരിശോധിച്ചു. തന്റെ പക്കല്‍ ഒരു മാല മാത്രമാണ് ഉള്ളതെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. മാല പിടിച്ചെടുത്തപ്പോള്‍ സന്തോഷം പ്രകടിപ്പിച്ചതാണ് ഉദ്യോഗസ്ഥരില്‍ സംശയം തോന്നിച്ചത്. തുടര്‍ന്ന് ഇയാളെ വിശദമായി പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിലും സോക്സിലും ഷൂസിലും സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്. മാലകളും വളകളും ബിസ്‌ക്കറ്റുകളുമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ഡിസംബറില്‍ സന്ദര്‍ശക വിസയിലാണ് ഇയാള്‍ ഷാര്‍ജയിലേക്ക് പോയത്. സ്വര്‍ണക്കടത്ത് സംഘത്തിലെ അംഗമാണ് ഇയാളെന്ന് കസ്റ്റംസ് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ കസ്റ്റംസ് ഇയാളെ അറസ്റ്റുചെയ്തു. എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മിഷണര്‍ കൃഷ്‌ണേന്ദു രാജ മിന്റ്റിയൂവിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് കമ്മിഷണര്‍ എസ്.സിമി, സൂപ്രണ്ടുമാരായ ജയരാജ്, പ്രമോദ്, ഇന്‍സ്‌പെക്ടര്‍മാരയ ജോസഫ്, സിയാദ് എന്നിവരാണ് ഇയാളെ പിടികൂടിയത്.
Post Your Comments