KeralaLatest News

മിശ്രിത രൂപത്തില്‍ കടത്തിക്കൊണ്ട് വരുന്ന സ്വർണ്ണം വേർതിരിക്കാൻ കേരളത്തിൽ രഹസ്യ കേന്ദ്രം കണ്ടെത്തി

ഒരു വര്‍ഷത്തിനിടെ ഉരുക്കിയത് ആയിരം കിലോ സ്വര്‍ണം

കോഴിക്കോട്: വിമാനത്താവളങ്ങള്‍ വഴി മിശ്രിത രൂപത്തില്‍ കടത്തിക്കൊണ്ട് വരുന്ന സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കുന്ന രഹസ്യ കേന്ദ്രം കോഴിക്കോട് നീലേശ്വരത്ത് ഡി.ആര്‍.ഐ കണ്ടെത്തി.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഈ കേന്ദ്രത്തില്‍ നിന്ന് ആയിരം കിലോയില്‍ അധികം സ്വര്‍ണ്ണം ഇത്തരത്തില്‍ ഉരുക്കിയിട്ടുണ്ടെന്നാണ് ഡി.ആര്‍.ഐയുടെ നിഗമനം.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അടിവസ്ത്രങ്ങളില്‍ ഒളിപ്പിച്ച് കടത്തുന്ന മിശ്രിത രൂപത്തിലുള്ള സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കുന്ന രഹസ്യ കേന്ദ്രമാണ് ഡി.ആര്‍.ഐ കണ്ടെത്തിയത്. കോഴിക്കോട് ഓമശേരി നീലേശ്വരത്ത് നൂഞ്ഞിക്കര വീട്ടില്‍ ചെറിയാവ എന്ന നസീമിന്‍റെ വീട്ടിലാണ് കേന്ദ്രം കണ്ടെത്തിയത്. നസീമും സഹോദരന്‍ വലിയാവ എന്ന തഹീമും റെയ്ഡില്‍ പിടിയിലായി.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അധികമായി കേന്ദ്രത്തില്‍ സ്വര്‍ണ്ണം വേര്‍‍തിരിക്കുന്നുണ്ട്. എട്ട് മാസത്തിനിടയ്ക്ക് 570 കിലോഗ്രാം സ്വര്‍ണ്ണം ഉരുക്കി നല്‍കിയതായി പിടിയിലായവര്‍ മൊഴി നല്‍കി. ഇത്രയും കൂടുതല്‍ സ്വര്‍ണ്ണം ഉരുക്കിയ രഹസ്യ കേന്ദ്രം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ കണ്ടെത്തുന്നത് ആദ്യമായിട്ടാണെന്ന് ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മിശ്രിത രൂപത്തിലുള്ള സ്വര്‍ണ്ണം കടത്തുന്ന രഹസ്യ അറകളോട് കൂടിയ നൂറിലധികം അടിവസ്ത്രങ്ങളും വിവിധ തരം ബെല്‍റ്റുകളും രഹസ്യ കേന്ദ്രത്തില്‍ നിന്ന് കണ്ടെത്തി. സ്വര്‍ണ്ണം ഉരുക്കാനുപയോഗിക്കുന്ന അഞ്ച് ഇലക്ട്രിക് ഫര്‍ണസുകളും മൂശകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.

shortlink

Post Your Comments


Back to top button