കൊല്ലം: കാസര്‍കോട്ടെ ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്കും മറ്റു ജാതികാര്‍ക്കും രണ്ടിടത്ത് ഭക്ഷണം നല്‍കുന്നുവെന്ന വാര്‍ത്തയില്‍ പ്രതിഷേധമറിയിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തിലെമ്പാടും പല രൂപത്തില്‍ ജാതിവിവേചനം തുടരുന്നുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കാസര്‍കോട്ടെ ക്ഷേത്രത്തില്‍ നടക്കുന്ന പന്തിവിവേചനം ഇപ്പോള്‍ പുറത്തുവരുന്നുവെന്ന് മാത്രമേയുള്ളൂ. കാസര്‍കോട്ടെ സംഭവം സംസ്ഥാനസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തും. പലയിടത്തും നടക്കുന്ന ഇത്തരം വിവേചനത്തിനെതിരെ നവോത്ഥാനമുന്നേറ്റങ്ങള്‍ ഉയര്‍ന്നുവരേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെയാണ് കാസര്‍കോട്ട് ബെള്ളൂരിലെ ക്ഷേത്രത്തില്‍ നടക്കുന്ന പന്തിവിവേചനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രമുഖ ചാനല്‍ പുറത്തുവിട്ടത്.
മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ബെള്ളൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് ദിവസവും ഉച്ചക്ക് വിഭവസമൃദമായ സദ്യയാണ് രണ്ട് പന്തലുകളിലായി നല്‍കുന്നത്. ആദ്യത്തെ പന്തല്‍ ചുറ്റമ്പലത്തിന് തൊട്ടു പിറകിലാണ്. ഇവിടെ ഭക്ഷണം മേല്‍ ജാതിക്കാര്‍ക്ക് മാത്രമാണ്. ഇലയിട്ട് ഇരുന്നാല്‍ മതി വന്ന് വിളമ്പിത്തരും. ഇവിടെ കീഴ്ജാതിക്കാര്‍ക്ക് അയിത്തമാണ്. പിന്നീടുള്ളത് ക്ഷേത്ര പരിസരത്ത് നിന്ന് മാറിയാണ്. അല്‍പം ദൂരെയുള്ള ഇവിടെയാണ് മറ്റു ജാതിക്കാര്‍ക്കുള്ള ഭക്ഷണം. വിളമ്പുന്ന വിഭവങ്ങളിലുമുണ്ട് വ്യത്യാസമുണ്ട്. കല്യാണമടക്കം സ്വകാര്യചടങ്ങുകളുടേയും സ്ഥിതി ഇങ്ങനെ തന്നെയാണെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments