ലക്നോ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക മൊബൈല്‍ ഫോണ്‍ കേസിലെ പ്രധാനപ്രതിയുടെ വീട്ടില്‍നിന്നും കണ്ടെടുത്തു. കേസിലെ പ്രധാനപ്രതി പ്രശാന്ത് നട്ടിന്റെ വീട്ടില്‍നിന്നാണ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത്. റെയ്ഡില്‍ പോലീസിന് സുബോധ് കുമാറിന്റെ കൂടാതെ അഞ്ച് മൊബൈല്‍ ഫോണ്‍ കൂടി ലഭിച്ചിരുന്നു. ഇത് പോലീസ് പരിശോധിച്ചുവരികയാണ്. ഈ മൊബൈല്‍ ഫോണുകളില്‍നിന്ന് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.
കഴിഞ്ഞ ഡിസംബര്‍ 28 ന് ആണ് പ്രശാന്ത് നട്ടിനെ പോലീസ് ബുലന്ദ്ഷഹര്‍-നോയിഡ അതിര്‍ത്തിയില്‍നിന്നും അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ താനാണ് സുബോധ് കുമാറിനു നേരെ വെടിവച്ചതെന്ന് പ്രശാന്ത് നട്ട് സമ്മതിച്ചിരുന്നു. പ്രശാന്തും മറ്റ് രണ്ടു പേരും ചേര്‍ന്നാണ് കലാപസമയത്ത് സുബോധ് കുമാറിന്റെ റിവോള്‍വര്‍ തട്ടിയെടുത്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. മഹവ് ഗ്രാമത്തില്‍ പശുവിന്റെ ജഡവുമായി വഴി തടസപ്പെടുത്തിയ ഗ്രാമവാസികളെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആള്‍ക്കൂട്ടം പോലീസിനെതിരേ തിരിഞ്ഞത്. പോലീസുകര്‍ക്കു നേരെ ശക്തമായ കല്ലേറു നടത്തിയ ജനക്കൂട്ടം ഔട്ട്പോസ്റ്റിനും കാറുകള്‍ക്കും തീയിട്ടു.
Post Your Comments