ഒട്ടാവ: റിക്ഷാ ഡ്രൈവറെ വിവാഹം കഴിച്ചതുമൂലം ദുരഭിമാനക്കൊല നടത്തിയ അമ്മയെയും അമ്മാവനെയും കാനഡ ഇന്ത്യയ്ക്ക് കൈമാറി. 18 വര്‍ഷംമുമ്പ് ജസ്വീന്ദര്‍ സിദ്ദുവെന്ന പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ പ്രതികളായ പെണ്‍കുട്ടിയുടെ അമ്മ മല്‍കിത് കൗര്‍ സിദ്ദു, അമ്മാവന്‍ സുര്‍ജിത് സിങ് ബാദെഷാ എന്നിവരെയാണ് വിചാരണ നേരിടാനായി കാനഡ ഇന്ത്യയ്ക്ക് വിട്ടുനല്‍കിയത്. ഇവരെ വെള്ളിയാഴ്ച ഇന്ത്യയ്ക്ക് കൈമാറിയതായി കനേഡിയന്‍ അധികൃതര്‍ പറഞ്ഞു.
പഞ്ചാബില്‍നിന്ന് കാനഡയിലേക്ക് കുടിയേറിയ ഇവര്‍ കനേഡിയന്‍ പൗരത്വം നേടിയിട്ടുണ്ട്. ജസ്വീന്ദര്‍ ഇന്ത്യയിലെ റിക്ഷാഡ്രൈവറെ വിവാഹം കഴിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചത്. ബ്രിട്ടീഷ് കൊളംബിയയില്‍ താമസിച്ചിരുന്ന ജസ്വീന്ദര്‍ ഇന്ത്യയിലേക്ക് നടത്തിയ യാത്രയ്ക്കിടെയാണ് റിക്ഷാഡ്രൈവറായ സുഖ്വീന്ദര്‍ മിത്തു സിങ്ങിനെ പരിചയപ്പെടുന്നത്. പ്രണയത്തിലായ ഇവര്‍ 1999-ല്‍ രഹസ്യമായി വിവാഹിതരാകുകയും ജസ്വീന്ദര്‍ കാനഡയിലേക്ക് തിരികെപ്പോകുകയും ചെയ്തു. രണ്ടായിരത്തില്‍ ഇവര്‍ വീണ്ടും ഇന്ത്യയില്‍ തിരികെയെത്തി ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ തുടങ്ങി. ഇതില്‍ പ്രകോപിതരായ മല്‍കിതും സഹോദരനും ചേര്‍ന്ന് ജസ്വീന്ദറിനെയും ഭര്‍ത്താവിനെയും കൊലപ്പെടുത്താന്‍ ഗുണ്ടാസംഘത്തെ ഏര്‍പ്പെടുത്തുകയായിരുന്നു. 2000 ജൂണ്‍ എട്ടിന് ജസ്വീന്ദറിനെ ഗുണ്ടകള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി കൊക്കയില്‍ തള്ളുകയായിരുന്നു. എന്നാല്‍, ഭര്‍ത്താവ് രക്ഷപ്പെട്ടു.
Post Your Comments