ഇന്ന് തമിഴ്‌നാട് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വിറ്ററില്‍ വ്യാപക പ്രതിഷേധം. മധുരയിലെ എയിംസിന്റെ തറക്കല്ലിടല്‍ പരിപാടിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട് സന്ദര്‍ശിക്കുന്നത്. ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തീരദേശ ജനത നേരിട്ട ദുരിതങ്ങളെ കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും അവഗണിച്ചെന്നും ആരോപിച്ചാണ് തമിഴ് ജനതയുടെ ഗോ ബാക് മോദി ക്യാംപെയ്ന്‍.
തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ സമരം ചെയ്ത 13 പേരെ വെടിവെച്ചുകൊന്നതും 12-ാം ക്ലാസ് പരീക്ഷയിലെ മാര്‍ക്ക് പരിഗണിക്കുന്നതിന് പകരം നീറ്റ് പരീക്ഷ ഏര്‍പ്പെടുത്തിയതും ട്വിറ്ററിലെ ഗോ ബാക് മോദി പ്രതിഷേധത്തിനുള്ള മറ്റ് കാരണങ്ങളാണ്. ഗജ ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ മൂന്ന് ലക്ഷം കുടുംബങ്ങള്‍ക്കാണ് വീടുകള്‍ നഷ്ടപ്പെട്ടത്. ചുഴലിക്കാറ്റില്‍ നിരവധി പേരുടെ ഉപജീവന വരുമാനം നഷ്ടപ്പെടുകയും പതിനൊന്ന് ലക്ഷം മരങ്ങള്‍ പിഴുതെറിയപ്പെടുകയും ചെയ്തിരുന്നു.
ഇതിന് മുന്‍പും മോദിക്കെതിരെ തമിഴ് ജനതട്വിറ്ററില്‍ ആഞ്ഞടിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ ചെന്നൈ ഡിഫന്‍സ് സെന്റര്‍ സന്ദര്‍ശിക്കാനെത്തിയ മോദിയോട് അന്നും തമിഴ്ജനത ഗോ ബാക് പറഞ്ഞിട്ടുണ്ട്. തമിഴ് നവോത്ഥാന നായകന്‍ പെരിയാറിന്റെ മുഖം വെച്ച് മോഡിയോട് ഗോ ബാക് പറഞ്ഞ് ഓടിക്കുന്ന കാര്‍ട്ടൂണുകളാണ് ഗോ ബാക് മോദി ക്യാംപെയ്ന്റെ ഭാഗമായി ട്വിറ്ററില്‍ കൂടുതലും പങ്കുവെയ്ക്കപ്പെടുന്നത്. നൂറ് കണക്കിന് പ്രതിഷേധക്കാര്‍ കറുത്ത ബലൂണ്‍ ആകാശത്തേക്ക് പറത്തിയാണ് പ്രതിഷേധം പ്രകടിപ്പിച്ചത്.
Post Your Comments